എറണാകുളം: ഇന്ത്യയിലെ സൈബർ തട്ടിപ്പുകളുടെ മുഖ്യ സൂത്രധാരൻ രംഗൻ ബിഷ്ണോയി പിടിയിൽ. വാഴക്കാല സ്വദേശിയായ സ്ത്രീയുടെ നാലര കോടി തട്ടിയ കേസിലാണ് നിർണായക അറസ്റ്റ്. കൊൽക്കത്തയിലെ ബിഷ്ണോയിയുടെ താവളത്തിലെത്തിയാണ് കൊച്ചി സൈബർ പൊലീസ് പ്രതിയെ പിടികൂടിയത്.
ബിഷ്ണോയിയെ പ്രാദേശിക മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിന് ശേഷമായിരിക്കും കൊച്ചിയില്‍ എത്തിക്കുന്നത്. കൊൽക്കത്തയിൽ നിന്ന് വിമാന മാർഗമാണ് പ്രതിയെ കൊച്ചിയിലെത്തിക്കുക. തുടർന്ന് കൊച്ചിയിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
വാഴക്കാല സ്വദേശിയുടെ നാലരക്കോടി തട്ടിയ കേസിൽ രണ്ട് മലപ്പുറം സ്വദേശികളെ നേരത്തെ പിടികൂടിയിരുന്നു. ഇവർ തട്ടിപ്പിന്‍റെ കമ്മിഷൻ പറ്റുന്നവരാണന്ന് പിന്നീട് കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു സംഘങ്ങളെ നിയന്ത്രിക്കുന്ന രംഗന്‍ ബിഷ്ണോയിയിലേക്ക് കൊച്ചി പൊലീസ് എത്തിച്ചേരുന്നത്. സൈബർ തട്ടിപ്പ് കേസുകളുടെ ചുരളഴിക്കുന്നതിൽ രംഗൻ ബിഷ്ണോയിയുടെ അറസ്റ്റ് നിർണായകമാകുമെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍.
ആരാണ് രംഗൻ ബിഷ്ണോയി?
ഇന്ത്യയിലെ തന്നെ സൈബർ തട്ടിപ്പുകളുടെ മാസ്റ്റർ ബ്രൈയിൻ എന്നാണ് രംഗൻ ബിഷ്ണോയി അറിയപ്പെടുന്നത്. കൊൽക്കത്തയിൽ രാഷ്ട്രീയ, ഭരണ രംഗങ്ങളിലെല്ലാം ബിഷ്ണോയിക്ക് വലിയ സ്വാധീനമാണുളളത്. അതുകൊണ്ട് തന്നെ പ്രതിയെ പിടികൂടുക എന്നത് ശ്രമകരമായിരുന്നു.
അതീവ രഹസ്യ നീക്കത്തിലൂടെയാണ് കൊച്ചി പൊലീസ് പ്രതിയിലേക്ക് എത്തിച്ചേര്‍ന്നത്. കൊൽക്കത്തയിലെ താവളം തിരിച്ചറിഞ്ഞതാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. താവളം കണ്ടെത്തിയ പൊലീസ് തിങ്കളാഴ്‌ച (ഡിസംബര്‍ 23) പുലർച്ചയോടെ സാഹസീകമായി പ്രതിയെ പിടികൂടുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രതിയുടെ സംഘാംഗങ്ങൾ പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ചൈനയിലെയും ലാവോസിലെയും വരെ സൈബർ തട്ടിപ്പുസംഘങ്ങളുമായും രംഗൻ ബിഷ്ണോയിക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
Also Read: കേരളത്തില്‍ സൈബര്‍ തട്ടിപ്പ് പലവിധം; രക്ഷനേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം...