ലഖ്‌നൗ: വാരണാസിയിൽ ഗ്യാൻവാപി പള്ളി പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ ശാസ്ത്രീയ സർവേ റിപ്പോർട്ട് തള്ളി ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് (AIMPLB Has Refuted Claims That Archaeological Survey Of India ). ഗ്യാൻവാപി പള്ളിയിരിക്കുന്നിടത്ത് ഹിന്ദു ക്ഷേത്രമുണ്ടായിരുന്നു എന്ന് ജില്ലാ കോടതിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇതിനെതിരെയാണ് ഇപ്പോൾ എഐഎംപിഎൽബി രംഗത്തെത്തിയിരിക്കുന്നത്. കേസിൽ എഎസ്ഐയുടെ സർവേ റിപ്പോർട്ടിൽ നിർണായകമായ തെളിവില്ലെന്ന് എഐഎംപിഎൽബി എക്‌സിക്യൂട്ടീവ് അംഗം കാസിം റസൂൽ ഇല്യാസ് പ്രസ്‌താവനയിൽ വ്യക്തമാക്കി. ഇതിലൂടെ ചിലര്‍ സമൂഹത്തിൽ അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്‌ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഹിന്ദു വർഗീയ സംഘടനകൾ വർഷങ്ങളായി ഗ്യാൻവാപി പള്ളിയെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണ്. അതിന്‍റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് .
സർവേ നടത്തുന്നതിന് മാസങ്ങൾക്ക് മുന്നേ സമൂഹത്തിൽ അശാന്തി സൃഷ്‌ടിക്കാൻ ഹിന്ദു കക്ഷികൾ ശ്രമിച്ചിരുന്നു. സർവേ റിപ്പോർട്ടിൽ റിസർവോയറിലെ ജലധാരയെ 'ശിവലിംഗം' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പതിനേഴാം നൂറ്റാണ്ടിൽ ഹിന്ദു ക്ഷേത്രം തകർത്താണ് ഗ്യാൻവാപി മസ്‌ജിദ് നിർമ്മിച്ചതെന്നാണ് എഎസ്ഐ റിപ്പോർട്ടിൽ പറയുന്നത്. ഇതിനെ ഉദ്ധരിച്ച് കൊണ്ട് ഹിന്ദു കക്ഷികളുടെ അഭിഭാഷകനായ വിഷ്‌ണു ശങ്കർ ജെയിൻ അവകാശവാദങ്ങൾ ഉയർത്തിയിരുന്നു. ഇതിനെ തുടർന്നാണ് എഐഎംപിഎൽബി പ്രതികരണവുമായി എത്തിയത്.
അതേസമയം, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് വായിക്കുന്നത് വരെ ഇത് സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് ഗ്യാൻവാപി മസ്‌ജിദ് അഞ്ജുമാൻ ഇൻ്റസാമിയ മസ്‌ജിദ് കമ്മിറ്റി ഭാരവാഹി പറഞ്ഞു. സർവേ റിപ്പോർട്ടിൽ തങ്ങൾ അതൃപ്‌തരാണ്. താനും തങ്ങളുടെ അഭിഭാഷകരും റിപ്പോർട്ട് കൃത്യമായി പഠിച്ചതിനു ശേഷമേ ഇത് സംബന്ധിച്ച് പ്രതികരിക്കൂ എന്ന് എഐഎംസി ജോയിൻ്റ് സെക്രട്ടറി എസ്എം യാസിൻ വ്യക്തമാക്കി.
'ഞങ്ങൾ സർവേ റിപ്പോർട്ട് പഠിക്കാൻ ആരംഭിച്ചതേയുള്ളു. 839 പേജുകളുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സർവേ റിപ്പോർട്ടിന്‍റെ ആദ്യ പേജുകൾ പരിശോധിച്ചു. വിശദമായുള്ള പഠനത്തിന് കുറച്ച് ദിവസം വേണ്ടിവരും' - എഐഎംസിയുടെ അഭിഭാഷകരിലൊരാളായ അഖ്‌ലാഖ് അഹമ്മദ് അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് ഞങ്ങളുടെ നിയമ വിദഗ്‌ധർ ചർച്ചകളൊന്നും നടത്തിയിട്ടില്ല. ഉടൻ തന്നെ ഇത് സംബന്ധിച്ച് ചർച്ച നടത്തും. സർവ്വേ റിപ്പോർട്ടിലെ ഞങ്ങളുടെ അതൃപ്‌തി എന്തൊക്കെയാണെന്നുള്ളത് വ്യക്തമായ വസ്‌തുതകളോടെ ഞങ്ങൾ പ്രതികരിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.
അതേസമയം ഗ്യാൻവാപി പള്ളിസംബന്ധിച്ചുള്ള സർവേ റിപ്പോർട്ട് വ്യക്തമായ വസ്‌തുതകളുടെ അടിസ്ഥാനത്തിലും ആധികാരികമായ രേഖകളുടെ അടിസ്ഥാനത്തിലുമാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് നാല് ഹിന്ദു വനിതാ കക്ഷികളെ പ്രതിനിധീകരിച്ച് അഭിഭാഷകരിൽ ഒരാളായ സുഭാഷ് നന്ദൻ ചതുർവേദി അഭിപ്രായപ്പെട്ടു.
"എഎസ്ഐ രാജ്യത്തെ ഒരു പ്രധാന ഏജൻസിയാണ്, വസ്‌തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിലാണ് സർവേ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. എഎസ്ഐ തയ്യാറാക്കിയ സർവ്വേ റിപ്പോർട്ട് പകർപ്പ് കോടതിയിൽ സമർപ്പിച്ചു"- എഎസ്ഐയെ പ്രതിനിധീകരിച്ച് സർക്കാർ അഭിഭാഷകനായ അമിത് കുമാർ ശ്രീവാസ്‌തവ പറഞ്ഞു.