ന്യൂഡൽഹി: ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ അവസ്ഥ ഹിറ്റ്‌ലറുടെ കാലത്തെ ജർമ്മനിയിലെ ജൂതന്മാരുടേതിന് സമാനമെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. 1930 കളിൽ ജൂതന്മാർ അനുഭവിച്ച അതേ സാഹചര്യത്തിലൂടെയാണ് ഇന്നത്തെ ഇന്ത്യ കടന്നു പോകുന്നും ഒവൈസി പറഞ്ഞു. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഒവൈസിയുടെ പരാമര്‍ശങ്ങൾ.
ജ്യൂതരുടെ വംശഹത്യയുടെ അവസാനഘട്ടമായ ഹോളോകാസ്‌റ്റിന് മുൻപ് സിനിമകൾ ഉണ്ടാക്കി, വിദ്വേഷ പ്രസംഗങ്ങൾ പ്രചരിപ്പിച്ചു. ഇതുതന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലും നടക്കുന്നതെന്ന് ഒവൈസി പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിക്കാനായി എല്ലാ ന്യൂനപക്ഷങ്ങളെയും നുഴഞ്ഞുകയറ്റക്കാർ എന്ന് വിശേഷിപ്പിക്കുന്നത് ഒരു പ്രധാനമന്ത്രിക്കും ചേരില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 17 കോടി മുസ്‌ലിങ്ങൾ നുഴഞ്ഞുകയറ്റക്കാരാണെന്നാണ് മോദി പറഞ്ഞത്. ജ്യൂതർ യഥാർത്ഥ ജർമ്മനികളല്ലെന്ന് ഹിറ്റ്ലറും പറഞ്ഞിരുന്നെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മുസ്‌ലിങ്ങൾ രാജ്യത്തെ ഏറ്റവും ദരിദ്രരാണെന്ന് രേഖകൾ സഹിതം തെളിയിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മോദി ഹിന്ദുക്കളുടെ മാത്രം പ്രധാനമന്ത്രിയാണോ എന്ന് അദ്ദേഹം ചോദിച്ചു. മുസ്‌ലിങ്ങൾ രാജ്യത്തെ ഏറ്റവും ദരിദ്രരാണെന്ന് പ്രധാനമന്ത്രി പറയണമെന്നും എഐഎംഐഎം നേതാവ് ഊന്നിപ്പറഞ്ഞു.
17 കോടി മുസ്‌ലിങ്ങൾ നുഴഞ്ഞുകയറ്റക്കാരാണെന്നാണ് പറയുമ്പോൾ നുഴഞ്ഞുകയറ്റക്കാരെ കുറിച്ചുള്ള വിവരങ്ങൾ ഉണ്ടോയെന്നും ഒവൈസി ചോദിച്ചു. 1930ൽ ഹിറ്റ്‌ലർ ഉപയോഗിച്ച അതേ ഭാഷയാണ് പ്രധാനമന്ത്രി ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ചൈനയെ തടയാൻ മോദിക്കായില്ലെന്നും അദ്ദേഹം രാജ്യത്തെ യുവാക്കളെ തൊഴിൽ രഹിതരാക്കിയെന്നും ഒവൈസി ആരോപിച്ചു. മോദി അധികാരമൊഴിയുമോ എന്ന് രാജ്യത്തെ ജനങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.