ന്യൂഡൽഹി : മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ഇഡിയേയും സിബിഐയേയും ബിജെപി രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി മര്‍ലേന. അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വികെ സക്‌സേന അനുമതി നൽകിയതിനെ തുടർന്നാണ് അതിഷിയുടെ പ്രതികരണം. എക്‌സൈസ് നയകേസിലാണ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ വി കെ സക്‌സേന അനുമതി നൽകിയത്. ഇതിൽ ബിജെപിയുടെ ഗൂഢാലോചന വ്യക്തമാണെന്നും എല്ലാ ഗൂഢാലോചനകളും പരാജയപ്പെടുമെന്നും അതിഷി ശനിയാഴ്‌ച പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപാണ് അരവിന്ദ് കെജ്‌രിവാൾ മദ്യനയക്കേസിൽ അറസ്‌റ്റിലാകുന്നത്. ജൂൺ 20 ന് കേസിൽ വിചാരണ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങുന്നതിന് മുൻപേ ഇഡി ഹൈക്കോടതിയെ സമീപിച്ച് സ്‌റ്റേ നേടി. തുടർന്ന് ജൂൺ 22 ന് കെജ്‌രിവാൾ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു.
സുപ്രീം കോടതിയിൽ നിന്നും ജാമ്യം ലഭിച്ച കെജ്‌രിവാളിനെ ജൂൺ 26 ന് ബിജെപി സിബിഐയെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു എന്നാണ് അതിഷി ഉയർത്തുന്ന ആരോപണം. വിഷയം സുപ്രീം കോടതിയിൽ എത്തിയതിന് ശേഷവും മറുപടി നൽകാൻ സമയം കൂട്ടി ചോദിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും അതിഷി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അനുബന്ധ കുറ്റപത്രം ഓഗസ്റ്റ് 27 ന് കോടതി പരിഗണിക്കും. അതുവരെ കെജ്‌രിവാളിന്‍റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയിട്ടുണ്ട്.