ന്യൂഡൽഹി : മദ്യ അഴിമതി കേസില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. കേസിൽ ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്‌തു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി) നൽകിയ ഹർജിയിലാണ് കോടതി നടപടി. ഇഡിയുടെ അപേക്ഷ പരിഗണിക്കാൻ കൂടുതൽ സമയം വേണമെന്ന് ഹോക്കോടതി ചൂണ്ടിക്കാട്ടി.
ജൂൺ 20ലെ വിചാരണക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് സുധീർ കുമാർ ജെയിൻ്റെ അവധിക്കാല ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്. അന്വേഷണ ഏജൻസിയുടെ വാദം വിചാരണ കോടതി ശരിയായി കേട്ടില്ലെന്ന ഇഡിയുടെ വാദങ്ങൾ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ മാർച്ച് 21നാണ് എഎപിയുടെ ദേശീയ കൺവീനർ കൂടിയായ അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മെയിൽ സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് ജൂൺ രണ്ടിന് അരവിന്ദ് കെജ്‌രിവാൾ വീണ്ടും ജയിലിലേക്ക് മടങ്ങി.