ന്യൂഡൽഹി : ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തിഹാര്‍ ജയിലില്‍ തിരിച്ചെത്തി. അനുയായികളുടെയും പാർട്ടി നേതാക്കളുടെയും അകമ്പടിയോടെയാണ് കെജ്‌രിവാൾ തിഹാര്‍ ജയിലിലെത്തിയത്. കേസില്‍ സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യം അവസാനിച്ച ഘട്ടത്തിലാണ് മടക്കം.
പാർട്ടിയെ തകർക്കാനുള്ള ബിജെപിയുടെ ശ്രമത്തെ പരാജയപ്പെടുത്താൻ ജാഗരൂകരായിരിക്കണമെന്ന് മുതിർന്ന നേതാക്കളോട് കെജ്‌രിവാൾ ആഹ്വാനം ചെയ്‌തു. വൈകിട്ട് മൂന്ന് മണിയോടെ രാജ്ഘട്ടിലെ മഹാത്മ ഗാന്ധിയുടെ സ്‌മാരകത്തിൽ കെജ്‌രിവാള്‍ ആദരാഞ്ജലി അർപ്പിച്ചു. കെജ്‌രിവാളിനൊപ്പം ഭാര്യ സുനിത കെജ്‌രിവാൾ, ഡൽഹി മന്ത്രിമാരായ അതിഷി, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, രാജ്യസഭ എംപിമാരായ സഞ്ജയ് സിങ്, സന്ദീപ് പഥക്, നേതാക്കളായ ദുർഗേഷ് പതക്, രാഖി ബിർള, റീന ഗുപ്‌ത എന്നിവരും ഉണ്ടായിരുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിൽ മെയ് 10-ന് ആണ് കെജ്‌രിവാൾ ജയിൽ മോചിതനായത്. ജൂൺ ഒന്ന് വരെയായിരുന്നു ജാമ്യം. അതേസമയം, കെജ്‌രിവാളിനെതിരെ ബിജെപി രാജ്ഘട്ടിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.
തിഹാര്‍ ജയിലിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് കെജ്‌രിവാള്‍ എക്‌സില്‍ പോസ്‌റ്റിട്ടിട്ടുണ്ട്. 'ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച്, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഞാൻ 21 ദിവസത്തേക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങി. ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക് വളരെയധികം നന്ദി.
ഇന്ന് ഞാൻ തിഹാറിൽ പോയി കീഴടങ്ങും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങും. ആദ്യം രാജ് ഘട്ടിൽ പോയി മഹാത്മ ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കും. അവിടെ നിന്ന് കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ ചെന്ന് ഹനുമാന്‍റെ അനുഗ്രഹം തേടും.
അവിടെ നിന്ന് പാർട്ടി ഓഫീസിൽ പോയി പ്രവർത്തകരുടെയും പാർട്ടി നേതാക്കളുടെയും ഒപ്പം തിഹാറിലേക്ക് പോകും. നിങ്ങൾ എല്ലാവരും സ്വയം ശ്രദ്ധിക്കൂ. ഞാൻ നിങ്ങളെ ഓർത്ത് വിഷമിക്കും. നിങ്ങൾ സന്തോഷവാനാണെങ്കിൽ നിങ്ങളുടെ കെജ്‌രിവാളും ജയിലിൽ സന്തോഷവാനായിരിക്കും. ജയ് ഹിന്ദ്' - കെജ്‌രിവാള്‍ എക്‌സില്‍ കുറിച്ചു.
Also Read : 'പുറത്ത് വന്നത് എക്‌സിറ്റ് പോളല്ല, മോദി മീഡിയ പോൾ': പരിഹസിച്ച് രാഹുല്‍ ഗാന്ധി - Rahul Gandhi Funny Response