ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ തനിക്ക് അനുവദിച്ചിട്ടുള്ള ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സുപ്രീംകോടതിയില്‍. ജാമ്യം ഏഴ് ദിവസത്തേക്ക് കൂടി നീട്ടി നല്‍കണമെന്നാണ് ആവശ്യം. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വൈദ്യ പരിശോധനയ്ക്ക് വിധേയനാകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി സുപ്രീംകോടതിയെ സമീപിച്ചത്.
നിലവില്‍ അനുവദിച്ചിരിക്കുന്ന ജാമ്യം ജൂണ്‍ 1ന് തീരാനിരിക്കെയാണ് മുഖ്യമന്ത്രി കോടതിയെ സമീപിച്ചിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മെയ് 10നാണ് മുഖ്യമന്ത്രിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാല്‍ ഔദ്യോഗിക ഫയലുകള്‍ ഒപ്പിടുന്നതിന് അടക്കം കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം തന്‍റെ ശരീര ഭാരം 7 കിലോ കുറഞ്ഞിട്ടുണ്ടെന്നും അത്യാവശ്യമായി വൈദ്യ പരിശോധനയ്ക്ക് വിധേയനാകേണ്ടതുണ്ടെന്നും അതിനാല്‍ ജാമ്യം നീട്ടണമെന്നുമാണ് അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. 2021-22 വര്‍ഷത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മദ്യനയ പരിഷ്‌കരണം നടപ്പിലാക്കിയതിലൂടെ അഴിമതി നടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് കെജ്‌രിവാളിനെതിരെയുള്ള കേസ്.
Also Read: അരവിന്ദ് കെജ്‌രിവാള്‍ പുറത്തേക്ക്; ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി