ലുധിയാന (പഞ്ചാബ്): ഭഗവന്ത് മൻ സർക്കാർ ജൂൺ നാലിന് ശേഷം വീഴുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ആം ആദ്‌മി പാർട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ശിവസേനയെയും എൻസിപിയെയും തകർത്തത് പോലെ പഞ്ചാബികളെയും തകർക്കാമെന്ന് ബിജെപി കരുതുന്നുവെന്ന് കെജ്‌രിവാൾ പറഞ്ഞു.
"അവർ രാജ്യം മുഴുവൻ സ്വേച്ഛാധിപത്യം നടത്തുകയാണ്. ജൂൺ നാലിന് ശേഷം നമ്മുടെ സർക്കാർ വീഴുമെന്നും ഭഗവന്ത് മൻ മുഖ്യമന്ത്രിയായി തുടരില്ലെന്നും അമിത് ഷാ ലുധിയാനയിൽ പറഞ്ഞു. അദ്ദേഹം പഞ്ചാബിനെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. അവർ ശിവസേനയെയും എൻസിപിയെയും തകർത്തത് പോലെ പഞ്ചാബികളെയും തകർക്കാമെന്ന് കരുതുന്നു. പഞ്ചാബിനെ ഭീഷണിപ്പെടുത്തേണ്ട." അദ്ദേഹം പറഞ്ഞു.
"അവർ (ബിജെപി) പഞ്ചാബിന് കിട്ടേണ്ട 9,000 കോടി രൂപ തടഞ്ഞുവച്ചു. 5,500 കോടി രൂപ ഗ്രാമവികസന ഫണ്ടിൽ നിന്നെടുത്താൽ മാത്രമേ ഗ്രാമങ്ങളിൽ റോഡുകൾ ഇനി നിർമ്മിക്കാൻ കഴിയുളളൂ. മൊഹല്ല ക്ലിനിക്ക് നിർമ്മിക്കാനായി ദേശീയ ആരോഗ്യ കമ്മീഷനിൽ നിന്നുളള പണം ഇനി ഉപയോഗിക്കണം. ഇത് ഗുണ്ടായിസമാണ്". അദ്ദേഹം കൂട്ടിച്ചേർത്തു.
"രണ്ട് വർഷം മുമ്പ് മറ്റ് പാർട്ടികൾ അധികാരത്തിലിരുന്നപ്പോൾ, വ്യാപാരികളും വ്യവസായങ്ങളും പഞ്ചാബിൽ നിന്ന് പലായനം ചെയ്യുകയായിരുന്നു. എന്നാൽ ഇപ്പോൾ പഞ്ചാബിൽ നിന്ന് പലായനം ചെയ്യുന്നത് നിർത്തി. പോയവരെ തിരികെ കൊണ്ടുവരാനും ഇവിടെയുള്ളവർക്ക് അവരുടെ ബിസിനസ് കെട്ടിപ്പടുക്കാൻ അവസരം നൽകാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ പഞ്ചാബിൽ 56,000 കോടി രൂപയുടെ നിക്ഷേപം നടത്തി. ഇതുകൊണ്ട് മൂന്ന് ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകും" കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടിക്ക് വോട്ട് ചെയ്യണമെന്നും സംസ്ഥാനത്തെ 13 സീറ്റുകളിലും വിജയിപ്പിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു."കേന്ദ്രത്തിൽ ഞങ്ങൾക്ക് അധികാരമുണ്ടെങ്കിൽ സംസ്ഥാനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടാൻ കഴിയും. ഇന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ അവകാശങ്ങൾ കേന്ദ്രത്തിൽ നിന്ന് കൊണ്ടുവരാൻ പഞ്ചാബിന് 13 സീറ്റുകൾ നൽകണം," അദ്ദേഹം പറഞ്ഞു.