ന്യൂഡൽഹി: ഡല്‍ഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട സിബിഐ കേസിൽ ജാമ്യം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ 2024 ജൂൺ 26 നാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കെജ്രിവാളിനെ അറസ്റ്റ് ചെയ്‌തത്.
സിബിഐ അറസ്റ്റിനേയും ജാമ്യം റദ്ദാക്കിയ വിചാരണ കോടതിയുടേയും നടപടിയെ നേരത്തെ കെജ്‌രിവാള്‍ കോടതിയില്‍ ചോദ്യം ചെയ്‌തിരുന്നു. ഇതു ചൂണ്ടിക്കാട്ടിയ അഭിഭാഷകരായ രജത് ഭരദ്വാജും മുഹമ്മദ് ഇർഷാദും നാളത്തേക്ക് വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹന്‍റെ ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടു. ജൂലൈ അഞ്ചിന് വാദം കേള്‍ക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.
എക്സൈസ് പോളിസി കേസിൽ അറസ്റ്റ് ചെയ്‌തതിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി സിബിഐക്ക് നോട്ടീസ് അയച്ചിരുന്നു. മുതിർന്ന അഭിഭാഷകൻ ഡോ. അഭിഷേക് മനു സിങ്‌വിയുടെ പ്രാഥമിക വാദങ്ങൾ കേട്ട ജസ്റ്റിസ് നീന ബൻസാൽ കൃഷ്‌ണയുടെ ബെഞ്ച്, മറുപടി ഏഴു ദിവസത്തിനകം നൽകണമെന്നും അതിനുശേഷം 2 ദിവസത്തിനകം പുനഃപരിശോധനാ ഹർജി നൽകണമെന്നും പറഞ്ഞു. ജൂലൈ 17 ന് കേസ് വിശദമായി കേൾക്കാൻ കോടതി ലിസ്റ്റ് ചെയ്‌തു.
സിആര്‍പിസിയുടെ 41, 60 എ വകുപ്പുകൾ പ്രകാരം നിർദേശിച്ചിട്ടുള്ള നിയമപരമായ ഉത്തരവിന്‍റെ വ്യക്തമായ ലംഘനമാണ് തന്‍റെ അറസ്റ്റെന്ന് കെജ്‌രിവാൾ ഹർജിയിൽ പറഞ്ഞു. അറസ്റ്റിന് കൃത്യമായ ന്യായീകരണമോ കാരണമോ നൽകിയിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.