ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അവസാനഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ആം ആദ്‌മി പാര്‍ട്ടി. മുഖ്യമന്ത്രി അതിഷി, പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ എന്നിവരടങ്ങിയ 38 സ്ഥാനാര്‍ഥികളെയാണ് നാലാം ഘട്ടത്തില്‍ പ്രഖ്യാപിച്ചത്. രാജ്യതലസ്ഥാനത്ത് ഭരണം നിലനിര്‍ത്തുകയെന്നതാണ് എഎപിയുടെ ലക്ഷ്യം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്കായിരിക്കും എഎപി മത്സരിക്കുക്കയെന്ന് കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളെയെല്ലാം സ്വന്തം തട്ടകത്തില്‍ തന്നെയാണ് പാര്‍ട്ടി മത്സരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
മുൻ മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ സിറ്റിങ് സീറ്റായ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. ഡല്‍ഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ മകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സന്ദീപ് ദീക്ഷിതാണ് മണ്ഡലത്തില്‍ കെജ്‌രിവാളിന്‍റെ പ്രധാന എതിരാളി. മുഖ്യമന്ത്രി അതിഷി കൽക്കാജിയിൽ നിന്നാണ് വീണ്ടും മത്സരിക്കുന്നത്.
മന്ത്രിമാരായ സൗരഭ് ഭരദ്വാജ്, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ, രഘുവീന്ദർ ഷോക്കീൻ, മുകേഷ് കുമാർ അഹ്ലാവത് എന്നിവർ ഗ്രേറ്റർ കൈലാഷ്, ബാബർപൂർ, ബല്ലിമാരൻ, നംഗ്ലോയ് ജാട്ട്, സുൽത്താൻപൂർ മജ്‌ര എന്നിവിടങ്ങളിൽ നിന്നാണ് മത്സരിക്കുക. 2025 ഫെബ്രുവരിയ്‌ക്ക് മുന്‍പാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തികഞ്ഞ ആത്മവിശ്വാസത്തോടെയും മുന്നൊരുക്കത്തോടെയുമാണ് ആം ആദ്‌മി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതെന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ അരവിന്ദ് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു. 'ഡല്‍ഹിയിലെ 70 സീറ്റിലേക്കുമുള്ള സ്ഥാനാര്‍ഥികളെ എഎപി ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഞങ്ങള്‍ക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്, നല്ല മുന്നൊരുക്കത്തോടെയാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.
ഇവിടെ ബിജെപിയെ എവിടെയും കാണാൻ സാധിക്കുന്നില്ല. അവര്‍ക്ക് മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാൻ ഇവിടെയൊരു മുഖമില്ല, ടീം ഇല്ല, ആസൂത്രണവും ഡല്‍ഹിയെ കുറിച്ച് ഒരു കാഴ്‌ചപ്പാടുമില്ല. ''കെജ്‌രിവാളിനെ നീക്കം ചെയ്യുക'' അത് മാത്രമാണ് അവരുടെ ഒരേയൊരു മുദ്രാവാക്യവും നയവും ദൗത്യവും. കഴിഞ്ഞ അഞ്ച് വര്‍ഷം ഇവിടെ എന്ത് ചെയ്‌തെന്ന് ചോദിച്ചാല്‍ അവര്‍ പറയും ഞങ്ങള്‍ കെജ്‌രിവാളിനെ ഒരുപാട് വിമര്‍ശിച്ചെന്ന്.
മറുവശത്ത് ആം ആദ്‌മി പാര്‍ട്ടിക്ക് ഡല്‍ഹിയുടെ വികസനത്തെ കുറിച്ച് ഒരു കാഴ്‌ചപ്പാടുണ്ട്. അതിനായി പദ്ധതികളും അത് നടപ്പിലാക്കാൻ ശക്തവും വിദ്യാസമ്പന്നരുമായ ടീമും ഉണ്ട്. കഴിഞ്ഞ 10 വര്‍ഷക്കാലയളവിലെ നേട്ടങ്ങളുടെ നീണ്ട പട്ടികയുമുണ്ട്. ജനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഡല്‍ഹിക്കാര്‍ വോട്ടുചെയ്യുക, അല്ലാതെ അധിക്ഷേപങ്ങള്‍ മാത്രം ഉന്നയിക്കുന്നവര്‍ക്കാകില്ല'- അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.