ശ്രീനഗര്‍: ജമ്മുകശ്‌മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതോടെ സംസ്ഥാനത്തിന് ശുദ്ധവായു ശ്വസിക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രാദേശികക്ഷികള്‍ അടിച്ചേല്‍പ്പിച്ചിരുന്ന ചങ്ങലകളില്‍ നിന്ന് ഇവിടുത്തെ ജനതയ്ക്ക് മോചനം ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു(Article 370).
370ാം വകുപ്പില്‍ തൂങ്ങി കോണ്‍ഗ്രസും സഖ്യകക്ഷികളും ജമ്മുകശ്‌മീരിലെ ജനതയെയും രാജ്യത്തെ മുഴുവനും പതിറ്റാണ്ടുകളായി വഴി തെറ്റിച്ചെന്നും മോദി പറഞ്ഞു. ജമ്മുകശ്‌മീരിന്‍റെ വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം(Breath of Fresh Air).
370ാം അനുച്ഛേദം ജമ്മുകശ്‌മീരിലെ ജനതയ്ക്കാണോ അതോ ചില കുടുംബങ്ങള്‍ക്കാണോ ഗുണമുണ്ടാക്കിയതെന്നും അദ്ദേഹം ചോദിച്ചു. തങ്ങളെ വഴിതെറ്റിക്കുകയായിരുന്നുവെന്ന് ജനങ്ങള്‍ മനസിലാക്കിക്കഴിഞ്ഞു. ചില കുടുംബങ്ങള്‍ക്ക് വേണ്ടി തങ്ങളെ ചങ്ങലയില്‍ കുടുക്കുകയായിരുന്നുവെന്ന് ഇവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഇവിടെ 370 ഇല്ല. അത് കൊണ്ട് ഇവിടുത്തെ യുവാക്കള്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാനായിരിക്കുന്നു. അവര്‍ക്ക് പുത്തന്‍ അവസരങ്ങള്‍ ലഭിക്കുന്നു. ഇവര്‍ക്ക് തുല്യാവകാശവും തുല്യ അവസരവും ലഭിക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പാക് അഭയാര്‍ത്ഥികള്‍ക്കും വാല്‍മീകി സമുദായത്തിനും വോട്ടവകാശം ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ക്കും ഇപ്പോള്‍ അവരുടെ അവകാശങ്ങള്‍ ലഭിച്ചിരിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിന് വര്‍ഷങ്ങളായി നമ്മള്‍ കാത്തിരുന്ന പുതിയ ജമ്മുകശ്‌മീരാണിത്. ശ്യാമപ്രസാദ് മുഖര്‍ജി ജീവത്യാഗം ചെയ്‌തത് ഈ കശ്‌മീരിന് വേണ്ടിയാണ്. മോദി ഈ സ്നേഹത്തിന് പ്രത്യുപകാരം ചെയ്യാതെ ഇരിക്കില്ല. ഇത് മോദിയുടെ ഉറപ്പാണ്. എല്ലാ ഉറപ്പുകളും സാക്ഷാത്ക്കരിക്കുമെന്ന ഉറപ്പ്-അദ്ദേഹം പറഞ്ഞു.