വിജയവാഡ: ആന്ധ്രാപ്രദേശിലെ നഗരങ്ങളിൽ ശുദ്ധജല ദൗർലഭ്യം രൂക്ഷമാകുകയും മലിനജലം കുടിക്കുന്നതുമൂലം ജീവന്‍ നഷ്‌ടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. കുടിവെള്ളം വരുന്ന പൈപ്പുകള്‍ തുരുമ്പെടുത്ത് അപകടാവസ്ഥയിലായിട്ടും സർക്കാർ നടപടിയെടുക്കാത്തത് രണ്ട് മരണങ്ങൾക്ക് വഴിയൊരുക്കി. വിജയവാഡയിലെ മൊഗൽരാജപുരത്താണ് രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ജീവനുകളാണ് നഷ്‌ടപ്പെട്ടത്.
കൂടാതെ ഛർദ്ദിയും വയറിളക്കവും കാരണം 26 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. ഇതിനുമുമ്പ് ഗുണ്ടൂരിലും മലിന ജലം ഉപയോഗിച്ചതിനെ തുടര്‍ന്ന് മൂന്ന് ജീവനുകള്‍ നഷ്‌ടമായിരുന്നു. ഇരുന്നൂറോളം ആളുകളെയാണ് അന്ന് വിവിധ അസുഖങ്ങള്‍ ബാധിച്ച് ആശുപത്രിയിലാക്കേണ്ടി വന്നത്.
മാസങ്ങളായി വിജയവാഡയുടെ പല ഭാഗങ്ങളിലും ദുർഗന്ധം വമിക്കുന്നതും നിറവ്യത്യാസമുള്ളതുമായ വെള്ളമാണ് ലഭ്യമാകുന്നത്. ഈ സാഹചര്യം പരിഹരിക്കാന്‍ പലതവണ പരാതിപ്പെട്ടിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തുരുമ്പെടുത്ത കുടിവെള്ള പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിനെക്കാളും കുടിവെള്ള കണക്ഷനുകൾക്ക് മീറ്ററുകൾ സ്ഥാപിക്കുന്നതിലും വെളളത്തിന്‍റെ ചാര്‍ജ് വർദ്ധിപ്പിക്കുന്നതിലുമാണ് സർക്കാരിൻ്റെ ശ്രദ്ധ എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ടിഡിപി മുൻ സർക്കാർ കൊണ്ടുവന്ന സമഗ്ര ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ നിലവിലെ ഭരണകൂടം പാടെ ഉപേക്ഷിച്ചു. സംസ്ഥാനത്തൊട്ടാകെയുള്ള 18,240 കുടിവെള്ള പൈപ്പ് ലൈനുകളിൽ 40% കേടായ അവസ്ഥയിലാണുളളത്. 5,034 കിലോമീറ്ററോളം പൈപ്പ് ലൈനുകള്‍ തകർന്നിരിക്കുകയാണ്. പലതും മലിനജല ചാലുകളിലോ സമീപത്തോ ആണ് സ്ഥിതിചെയ്യുന്നത്. പ്രദേശത്തെ മലിനജലം മൂലമുണ്ടാകുന്ന വയറിളക്കവും ഗ്യാസ്ട്രോ എൻറൈറ്റിസ് കേസുകളും ഭയാനകമായ രീതിയില്‍ കൂടുമ്പോഴും സുസ്ഥിരമായ ഒരു പദ്ധതി ആവിഷ്ക്കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നത് അതിശയകരമാണ്.
റിസർവോയർ ശുചീകരിച്ചില്ല
പൈപ്പ് ലൈനുകൾ തുരുമ്പെടുത്തത് മാത്രമല്ല, ജലസംഭരണികൾ ശുചീകരിക്കാത്തതും പൊതുജനങ്ങൾക്ക് ബോർവെൽ വെള്ളം നേരിട്ട് എത്തിച്ചതും കുടിവെള്ളം മലിനമാകാൻ കാരണമായി എന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ഓരോ നഗരത്തിലുമുളള പത്തോളം ജലസംഭരണികൾ വൃത്തിയാക്കാനുളള ശ്രമങ്ങള്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. ശുദ്ധീകരണ പ്ലാൻ്റുകളിൽ നിന്നുള്ള വെള്ളം സാധാരണയായി ഈ ജലസംഭരണികൾ വഴിയാണ് വീടുകളിലേക്ക് എത്തുന്നത്.
ഈ പ്ലാന്‍റുകള്‍ ഓരോ ആറുമാസത്തിലും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ടെൻഡർ വിളിച്ചെങ്കിലും വ്യത്തിയാക്കാനുളള നടപടിയുണ്ടായില്ല. എൻജിനീയർമാരും കരാറുകാരും ഒത്തുകളിച്ച് ഫണ്ട് തിരിമറി നടത്തിതായും പരാതി ഉയരുന്നുണ്ട്.
ഈ വേനല്‍ കാലത്ത് നദികളിലെ നീരൊഴുക്ക് കുറഞ്ഞതും ജലസംഭരണികൾ വറ്റിവരണ്ടതും നഗരത്തിലെ ആറോ ഏഴോ സ്ഥലങ്ങളില്‍ കുടിവെള്ളക്ഷാമത്തിന് കാരണമായി. പകരമെന്ന നിലയിൽ ബോർവെൽ വെള്ളം നേരിട്ട് റിസർവോയറുകളിലേക്ക് പമ്പ് ചെയ്യുകയും ശരിയായ ശുദ്ധീകരണം നടത്താതെ പൊതുജനങ്ങൾക്ക് വിതരണം ചെയ്‌തതും പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായി.
വിജയവാഡയിലെ വിവിധ പ്രദേശങ്ങളിലും അനന്തപൂർ ജില്ലകളിലെ പ്രകാശം, ചിറ്റൂർ, നെല്ലൂർ, കുർണൂൽ എന്നീ മുനിസിപ്പാലിറ്റികളിലും ഈ രീതി വ്യാപകമാണ്. ഇതാണ് ഇപ്പോള്‍ രണ്ട് പേരുടെ മരണത്തിന് കാരണമായത്.
വേനൽക്കാല ശുദ്ധജല ദൗർലഭ്യം
ഈ വേനൽക്കാലത്ത് സംസ്ഥാനത്തെ എട്ട് മുനിസിപ്പൽ കോർപ്പറേഷനുകളിലെയും 35 മുനിസിപ്പാലിറ്റികളിലെയും നഗരപഞ്ചായത്തുകളിലെയും ആളുകള്‍ ടാങ്കറുകൾ വഴി ലഭിക്കുന്ന ശുദ്ധീകരിക്കാത്ത വെള്ളവുമായി ബുദ്ധിമുട്ടുകയാണ്. ബോർവെൽ വെള്ളം ടാങ്കുകളിൽ ശേഖരിച്ച് പൊതുജനങ്ങൾക്ക് നേരിട്ട് വിതരണം ചെയ്യുന്നു. ഇത് ഉപയോഗിക്കുന്നവരിൽ പല ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു.
ALSO READ: ഡല്‍ഹിയില്‍ പാര്‍ക്കിങ് യാര്‍ഡില്‍ തീപിടിത്തം; 17 കാറുകൾ കത്തിനശിച്ചു