ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലെ വിവിധ ഭാഗങ്ങളിലും മഴക്കെടുതി രൂക്ഷം. കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയില്‍ ഇരു സംസ്ഥാനങ്ങളിലുമായി 25 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. തെലങ്കാനയ്ക്കും ആന്ധ്രാപ്രദേശിനും ഇടയിലുള്ള പ്രധാനപ്പെട്ട മിക്ക റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്.
ഇരു സംസ്ഥാനങ്ങളിലും രക്ഷാപ്രവർത്തനത്തിനായി 26 ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ടീമുകളെ വിന്യസിച്ചതായി അധികൃതർ അറിയിച്ചു. രണ്ട് സംസ്ഥാനങ്ങളിലുമായി ഇതിനോടകം 12 ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്നും 14 ടീമുകളെ കൂടി അയക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വായു നിറയ്ക്കാവുന്ന ബോട്ടുകൾ, തൂണുകൾ, മരം മുറിക്കുന്ന യന്ത്രങ്ങൾ, അടിസ്ഥാന വൈദ്യ സഹായ ഉപകരണങ്ങൾ എന്നിവ എന്‍ഡിആര്‍എഫ് സജ്ജീകരിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. ദക്ഷിണ മധ്യ റെയിൽവേ ശൃംഖലയിലെ 99 ട്രെയിനുകൾ പൂര്‍ണമായും നാല് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. 54 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ആയിരക്കണക്കിന് ആളുകളെ ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകൾ വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി എന്നിവരുമായി സംസാരിച്ചു. മഴയും വെള്ളപ്പൊക്കവും നേരിടാൻ കേന്ദ്ര സർക്കാരിൻ്റെ എല്ലാ സഹായവും കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ട്.
തെലങ്കാനയിലെ വിവിധ ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കിയിരിക്കുന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഹൈദരാബാദ് ജില്ലയിലും മറ്റ് ദുരിതബാധിത പ്രദേശങ്ങളിലും സ്‌കൂളുകൾക്കും കോളജുകൾക്കും തെലങ്കാന സർക്കാർ ഇന്ന് (02-09-2024) അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴ തെലങ്കാന-ആന്ധ്ര പാതയിലൂടെയുള്ള റെയില്‍ ഗതാഗതത്തെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളില്‍ ട്രാക്കുകളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായും വിഴിതിരിച്ചുവിട്ടതായും സൗത്ത് സെൻട്രല്‍ റെയില്‍വേ അറിയിച്ചിട്ടുണ്ട്.
Bulletin No.22,23.24 & 25 - SCR PR No.347 - Cancellations/Partial Cancellations/Diversions pic.twitter.com/SBLjJg8kIT
— South Central Railway (@SCRailwayIndia) September 2, 2024
തെലങ്കാന - ആന്ധ്ര അതിർത്തിയിലുള്ള രാമപുരത്ത് ചിമിരിയാല നദി കരകവിഞ്ഞൊഴുകുകയാണ്. നല്ലബണ്ടഗുഡെയിൽ ദേശീയപാതയിൽ വെള്ളം കയറി. നല്ലബണ്ടഗുഡെമിൽ പാലേരു പുഴയിൽ കുടുങ്ങിയ ആർടിസി ബസില്‍ നിന്ന് 30 യാത്രക്കാരെ കഴിഞ്ഞ ദിവസം രക്ഷപെടുത്തിയിരുന്നു.
വിജയവാഡ, ഗുണ്ടൂർ നഗരങ്ങളിൽ നിർത്താതെ പെയ്യുന്ന മഴയില്‍ കനത്ത നാശനഷ്‌ടമുണ്ടായി. വിജയവാഡയിലെ റോഡുകളില്‍ വെള്ളം കയറിയതോടെ പലയിടത്തും ഗതാഗതം സ്‌തംഭിച്ചു. രണ്ട് പതിറ്റാണ്ടിനിടയിലെ റെക്കോഡ് മഴയാണ് വിജയവാഡയിൽ പെയ്‌തത്.