അമരാവതി: ആന്ധ്രപ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആറ് മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ മത്സരിക്കും. മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖർ റെഡ്ഡിയുടെ മകനായ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി മത്സരിക്കുന്നത് വൈഎസ്ആർ കുടുംബത്തിൻ്റെ കോട്ടയായ പുലിവെണ്ടുല മണ്ഡലത്തിൽ നിന്നാണ്. രാജശേഖർ റെഡ്ഡിയുടെ മകളും ആന്ധ്രാ പ്രദേശ് കോൺഗ്രസ് അധ്യക്ഷയുമായ വൈ എസ് ശർമിള കടപ്പ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. 1978 നും 2009 നും ഇടയിൽ രാജശേഖർ റെഡ്ഡി ആറ് തവണ പുലിവെണ്ടുല മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നു.
ടിഡിപി അധ്യക്ഷനും മൂന്ന് തവണ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവിൻ്റെ മകനും മുൻ മുഖ്യമന്ത്രിയും നടനുമായ എൻ ടി രാമറാവുവിൻ്റെ (എൻടിആർ) കൊച്ചുമകനുമായ നാരാ ലോകേഷ് രണ്ടാം തവണയും മത്സരിക്കാനൊരുങ്ങുകയാണ്. 2019 ൽ മംഗളഗിരിയിൽ നിന്ന് ആദ്യമായി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു ലോകേഷ്. വൈഎസ്ആർസിപിയുടെ എം ലാവണ്യയാണ് ഇത്തവണ ലോകേഷിന്‍റെ എതിരാളി.
എൻടിആറിന്‍റെ മകനും ഹിന്ദുപൂർ സിറ്റിങ് എംഎൽഎയുമായ നന്ദമുറി ബാലകൃഷ്‌ണ (ബാലയ്യ) അതേ മണ്ഡലത്തിൽ നിന്ന് തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. എൻടിആർ കുടുംബത്തിൻ്റെ ശക്തികേന്ദ്രമാണ് ഹിന്ദുപൂർ മണ്ഡലം. ഇതേ മണ്ഡലത്തിൽ നിന്ന് മുൻപ് എൻടിആറും മൂത്തമകൻ നന്ദമുറി ഹരികൃഷ്‌ണയും മത്സരിച്ചിരുന്നു. 2014ലും 2019ലും ഹിന്ദുപൂരിൽ നിന്ന് ജയിച്ച ബാലകൃഷ്‌ണ ഇത്തവണ ഹാട്രിക് ലക്ഷ്യമിടുന്നു. എൻടിആറിൻ്റെ മകളും ആന്ധ്ര പ്രദേശ് ബിജെപി അധ്യക്ഷയുമായ പുരന്ദേശ്വരി രാജമഹേന്ദ്രവാരം ലോക്‌സഭ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്.
എൻഡിഎയ്ക്ക് വേണ്ടി തെനാലി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത് മുൻ മുഖ്യമന്ത്രി എൻ ഭാസ്‌കർ റാവുവിൻ്റെ മകനും ജനസേന നേതാവുമായ എൻ മനോഹർ ആണ്. മുൻ മുഖ്യമന്ത്രി എൻ ജനാർദൻ റെഡ്ഡിയുടെ മകൻ എൻ രാംകുമാർ റെഡ്ഡി വൈഎസ്ആർസിപി ടിക്കറ്റിൽ വെങ്കിടഗിരി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നുണ്ട്. മുൻ മുഖ്യമന്ത്രി കെ വിജയ ഭാസ്‌കർ റെഡ്ഡിയുടെ മകൻ കെ സൂര്യ പ്രകാശ് റെഡ്ഡി ധോൻ നിയമസഭ മണ്ഡലത്തിൽ നിന്ന് ടിഡിപി ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുകയാണ്.
Also Read: അപകീർത്തികരമായ പരാമർശം; ചന്ദ്രബാബു നായിഡുവിന് നോട്ടിസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ