അമരാവതി (ആന്ധ്രാപ്രദേശ്): നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നില്‍ക്കെ ആന്ധ്രാപ്രദേശ് ഡിജിപി കെ വി രാജേന്ദ്രനാഥ് റെഡ്ഡിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥലം മാറ്റി. വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുമായി ഡിജിപിയും മറ്റ് നിരവധി ഉദ്യോഗസ്ഥരും സഹകരിക്കുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ പരാതിയിലാണ് നടപടി. ഡിജിപിയെ ഉടൻ സ്ഥലം മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
അടുത്ത റാങ്കിലുള്ള ഉദ്യോഗസ്ഥന് ഉടൻ ചുമതല കൈമാറാനും തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിപിയെ തെരഞ്ഞെടുക്കുന്നതിന് തിങ്കളാഴ്‌ച (മെയ് 6) രാവിലെ 11 മണിക്കകം മൂന്ന് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റ് നൽകാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. രാജേന്ദ്രനാഥ് റെഡ്ഡിക്ക് തെരഞ്ഞെടുപ്പ് ചുമതലകൾ നൽകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ വൈഎസ്ആർസിപിയും ടിഡിപി-ബിജെപി-ജനസേന സഖ്യവും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന സമയത്താണ് ഡിജിപി കെ വി രാജേന്ദ്രനാഥ് റെഡ്ഡിയുടെ സ്ഥലംമാറ്റം. രാജേന്ദ്രനാഥ് റെഡ്ഡി നിഷ്‌പക്ഷമായി തന്‍റെ ചുമതലകൾ നിർവഹിക്കുന്നില്ലെന്നും അദ്ദേഹം വൈഎസ്ആർസിപി പ്രവർത്തകനെപ്പോലെയാണ് പെരുമാറുന്നതെന്നും പ്രതിപക്ഷ പാർട്ടികൾ തുടക്കം മുതൽ വിമർശിച്ചിരുന്നു.
തന്‍റെ ഭരണകാലത്ത് പ്രതിപക്ഷ നേതാക്കളെ നിയമവിരുദ്ധമായി അറസ്‌റ്റ് ചെയ്യാൻ ഇടയാക്കിയ കള്ളക്കേസുകൾ ചുമത്തിയെന്ന ആരോപണവും രാജേന്ദ്രനാഥ് റെഡ്ഡി നേരിട്ടിരുന്നു. ഭരണകക്ഷിയായ വൈഎസ്ആർസിപി നേതാക്കളുടെ അതിക്രമങ്ങൾക്കെതിരെയുള്ള തങ്ങളുടെ യഥാർത്ഥ പരാതി അവഗണിക്കപ്പെട്ടതായി ടിഡിപി-ബിജെപി-ജനസേന നേതാക്കളും ആരോപിച്ചു.
Also Read: ആന്ധ്രപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്: മത്സരിക്കുന്നത് ആറ് മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ