തെലങ്കാന : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വെെഎസ്ആർ കോൺഗ്രസ് നേതാവുമായ ജഗൻമോഹൻ റെഡ്ഡിയും, കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായ സഹോദരി വൈഎസ് ശർമിള റെഡ്ഡിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. സഹോദരൻ വീട്ടുതടങ്കലിലാക്കുമെന്ന് ഭയന്ന് ശർമ്മിള കഴിഞ്ഞരാത്രി തങ്ങിയത് കോൺഗ്രസ് ഓഫീസിലാണ്.
വ്യാഴാഴ്ച വിജയവാഡയിൽ 'ചലോ സെക്രട്ടേറിയറ്റ്' പ്രതിഷേധത്തിന് വൈഎസ് ശർമിള റെഡ്ഡി ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രതിഷേധത്തിന്‍റെ തലേദിവസം തൊഴിലില്ലാത്ത യുവാക്കളുടെയും വിദ്യാർഥികളുടെയും പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ജഗൻമോഹൻ റെഡ്ഡി സർക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു (ys sharmila spent night in party office).
പ്രതിഷേധത്തിന് മുന്നോടിയായി ശർമ്മിളയെ വീട്ടുതടങ്കലിലാക്കുമെന്ന സൂചനകൾ ഉയർന്നിരുന്നതായാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. ഇതേത്തുടർന്നാണ് വൈഎസ് ശർമിള വിജയവാഡയിലെ കോൺഗ്രസ് ആസ്ഥാനത്തെത്തി രാത്രി മുഴുവൻ ഇവിടെ തങ്ങിയത്.
തൊഴിൽരഹിതരായ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രശ്‌നങ്ങൾ ആദ്യം പരിഹരിക്കണമെന്ന് അവർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി യുവാക്കളുടെയും തൊഴിലില്ലാത്തവരുടെയും വിദ്യാർത്ഥികളുടെയും പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി പൂർണമായും പരാജയപ്പെട്ടെന്ന് വിജയവാഡയിലെ ആന്ധ്ര രത്‌ന ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കവെ ശർമ്മിള ആരോപിച്ചു.
'തൊഴിലില്ലാത്തവർക്ക് വേണ്ടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്താൽ, ഞങ്ങളെ വീട്ടുതടങ്കലിലാക്കാനാണോ ശ്രമം?. ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ അവകാശമില്ലേ?. വീട്ടുതടങ്കലിൽ നിന്ന് രക്ഷപ്പെടാൻ ഒരു സ്ത്രീയെന്ന നിലയിൽ പാർട്ടി ഓഫീസിൽ രാത്രി ചെലവഴിക്കാന്‍ ഞാൻ നിർബന്ധിതയായെന്നുള്ളത് സര്‍ക്കാരിന് നാണക്കേടാണ്'- ശർമ്മിള എക്‌സിൽ കുറിച്ചു.
'ഞങ്ങള്‍ തീവ്രവാദികളാണോ. അതോ സാമൂഹിക വിരുദ്ധ ശക്തികളോ?. നിങ്ങള്‍ ഞങ്ങളെ തടയാൻ ശ്രമിക്കുകയാണ്. അതിനർത്ഥം സർക്കാർ ഞങ്ങളെ ഭയപ്പെടുന്നു എന്നാണ്. തങ്ങളുടെ കഴിവുകേടിനെ മറയ്ക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നതാണ് സത്യം' - ശർമ്മിള ആരോപിച്ചു. സമരം ചെയ്യുന്നവരെ എവിടയൊക്കെ തടഞ്ഞാലും ബാരിക്കേഡുകളിൽ കെട്ടിയിട്ടാലും തൊഴിലില്ലാത്തവർക്കുവേണ്ടിയുള്ള പ്രക്ഷോഭം അവസാനിക്കില്ലെന്നും ശർമ്മിള വ്യക്തമാക്കി.