ശിവമോഗ : ജയില്‍ അന്തേവാസി വിഴുങ്ങിയ മൊബൈല്‍ ഫോണ്‍ ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തു. ശിവമോഗ സെന്‍ട്രല്‍ ജയിലിലെ പരശുറാം എന്ന തടവുകാരനെ ആണ് ബെംഗളൂരുവിലെ വിക്‌ടോറിയ ആശുപത്രിയില്‍ ശസ്‌ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
ഒരു മാസമായി ഇയാള്‍ കടുത്ത വയറുവേദന അനുഭവിച്ച് വരികയായിരുന്നു. ജയില്‍ ഡോക്‌ടറുടെ അടുത്ത് ചികിത്സ തേടിയെങ്കിലും ശമനമുണ്ടായില്ല. തുടര്‍ന്ന് ഇയാളെ ശിവമോഗയിലെ മെഗന്‍ ആശുപത്രിയിലേക്ക് അയച്ചു. പരിശോധനയില്‍ വയറിനുള്ളില്‍ ഒരു വസ്‌തു കണ്ടെത്തി. ഇത് കല്ലാണെന്നായിരുന്നു പരശുറാം പറഞ്ഞത്.
എക്‌സറേ പരിശോധനയിലും ഇത് എന്താണെന്ന് വ്യക്തമായില്ല. തുടര്‍ന്ന് ഇയാളെ ബെംഗളൂരുവിലെ വിക്‌ടോറിയ ആശുപത്രിയിലേക്ക് അയച്ചു. തുടര്‍ന്ന് ജയിലിലെ സീനിയര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഇയാളെ പരിശോധിച്ചു. ശേഷം കഴിഞ്ഞ മാസം ആറിന് ഇയാളെ വിദഗ്‌ധ ചികിത്സയ്ക്ക് വിക്‌ടോറിയ ആശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിച്ചു.
തുടര്‍ന്നാണ് വയറില്‍ മൊബൈല്‍ ഫോണ്‍ ആണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കഴിഞ്ഞ മാസം 25ന് ഇയാളെ ശസ്‌ത്രക്രിയയ്ക്ക് വിധേയനാക്കി മൊബൈല്‍ പുറത്തെടുത്തു. പരശുറാം സുഖം പ്രാപിച്ച് വരുന്നതായി ഡോക്‌ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇയാള്‍ എന്തിനാണ് മൊബൈല്‍ വിഴുങ്ങിയതെന്നോ എപ്പോഴാണ് വിഴുങ്ങിയതെന്നോ വ്യക്തമായിട്ടില്ല.