രാഷ്ട്രപതി ഭവനിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ പൂന്തോട്ടമാണ് അമൃത് ഉദ്യാൻ. നേരത്തെ "മുഗൾ ഗാർഡൻസ്" എന്നറിയപ്പെട്ടിരുന്ന അമൃത് ഉദ്യാൻ അതിമനോഹരമായ പൂക്കളും പച്ചപ്പും കൊണ്ട് സമൃദ്ധമാണ്. ഇത്തവണത്തെ അമൃത് ഉദ്യാൻ ഫെബ്രുവരി 2-നാണ് രാഷ്ട്രപതി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. പ്രധാനമായും റോസാപ്പുക്കൾ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടത്തിൽ അഡോറ, മൃണാളിനി, ബ്ലാക്ക് ലേഡി, പാരഡൈസ്, ബ്ലു മൂണ്‍ തുടങ്ങീ 159 ഇനം പൂക്കള്‍ സന്ദർശകരെ കാത്തിരിക്കുന്നു. എന്നാൽ എങ്ങനെയാണ് ഉദ്യാനത്തിൽ പ്രവേശിക്കാൻ കഴിയുക ഏതൊക്കെ ദിവസങ്ങളിലാണ് പ്രവേശിക്കാൻ സാധിക്കുക എന്നതിനെ കുറിച്ച് നമ്മളിൽ പലർക്കും അറിയില്ല.
പൂക്കളുടെ പറുദീസയായ അമൃത് ഉദ്യാനത്തിലേക്ക് ജങ്ങൾക്ക് മാർച്ച് 31 വരെയാണ് പ്രവേശനം ഉണ്ടായിരിക്കുക. എന്നാൽ രണ്ടുമാസത്തോളം നീണ്ടു നിൽക്കുന്ന ഉദ്യാൻ ഉത്സവത്തിൽ എല്ലാ തിങ്കളാഴ്‌ചയും അറ്റകുറ്റപ്പണികൾക്കായി പൂന്തോട്ടങ്ങൾ അടച്ചിടും. അതേസമയം ഏതാനും ദിവസങ്ങൾ ചില പ്രത്യേക വിഭാഗങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം ഉണ്ടായിരിക്കുക. ഫെബ്രുവരി 22ന് ഭിന്നശേഷിക്കാർ, 23ന് പ്രതിരോധ, അർധസൈനിക വിഭാഗങ്ങൾ, മാർച്ച് 1ന് വനിത, ഗോത്ര വിഭാഗ വനിത സ്വയം സഹായ സംഘങ്ങൾ, മാർച്ച് 5 ന് അനാഥാലയങ്ങളിലെ കുട്ടികൾ തുടങ്ങിയവർക്ക് മാത്രമായിരിക്കും പ്രവേശനം. മാർച്ച് 25-ന് ഹോളി പ്രമാണിച്ച് പൂന്തോട്ടങ്ങൾ അടച്ചിടും.
രാവിലെ 10 മണിക്ക് തുറക്കുന്ന പൂന്തോട്ടത്തിൽ വൈകുന്നേരം 4 മണിവരെ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കും. 5 മണിയോടെ ഉദ്യാനം അടക്കുകയും ചെയ്യും. അമൃത് ഉദ്യാനിലേക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് ഉചിതം. ഇതിനായി രാഷ്ട്രപതി ഭവന്‍റെ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാവുന്നതാണ് (ലിങ്ക്:https://visit.rashtrapatibhavan.gov.in/visit/amrit-udyan/rE). ഇതുകൂടാതെ രാഷ്ട്രപതി ഭവന്‍റെ 12–ാം നമ്പർ ഗേറ്റിലെ കിയോസ്‌കിലൂടെയും സന്ദർശകർക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
അമൃത് ഉദ്യാനിലേക്കുള്ള സന്ദർശന വേളയിൽ മൊബൈൽ ഫോൺ, ഇലക്ട്രോണിക് താക്കോൽ, പഴ്‌സ്, ഹാൻഡ് ബാഗ്, വാട്ടർ ബോട്ടിൽ, കുട്ടികൾക്കുള്ള പാൽക്കുപ്പി എന്നിവ സന്ദർശകർക്ക് കയ്യിൽ കരുതാം. പൂന്തോട്ടത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കുടിവെള്ളവും ശുചിമുറികളും പ്രാഥമിക ചികിത്സാ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
രാഷ്ട്രപതി ഭവൻ്റെ പരിസരത്ത് സ്ഥിതി ചെയ്യുന്ന അമൃത് ഉദയനിലേക്ക് പല വഴികളിലൂടെ എത്തിച്ചേരാൻ സാധിക്കും. മെട്രോ വഴി വരുന്നവർ പൂന്തോട്ടത്തിന്‍റെ ഏറ്റവും അടുത്തുള്ള സെൻട്രൽ സെക്രട്ടേറിയറ്റിലാണ് ഇറങ്ങേണ്ടത്. അവിടെ നിന്നും രാഷ്ട്രപതി ഭവൻ്റെ ഗേറ്റ് നമ്പർ 35 ലേക്ക് ഷട്ടിൽ ബസ് സർവീസ് ഉണ്ടായിരിക്കും. കാർ മാർഗം വരുന്നവർക്ക് രാഷ്ട്രപതി ഭവനിൽ ഉദ്യാൻ സന്ദർശകർക്കായി ഏർപ്പെടുത്തിയ പാർക്കിംഗ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നഗരത്തിൽ നിന്നും അമൃത് ഉദയനിലേക്ക് ടാക്‌സികളും ഓട്ടോറിക്ഷകളും സജീവമാണ്. ഇങ്ങനെ വരുന്നവർക്കും ഗേറ്റ് നമ്പർ 35-ൽ ഇറങ്ങി ഉദയനിലേക്ക് പ്രവേശിക്കാവുന്നതാണ്.