തമിഴ്‌നാട് : അംബാസമുദ്രം കസ്റ്റഡി പീഡനക്കേസില്‍ പ്രതിയായ ഐപിഎസ് ഉദ്യോഗസ്ഥൻ ബൽവീർ സിങ്ങിന്‍റെ സസ്പെൻഷൻ ഉത്തരവ് റദ്ദാക്കി തമിഴ്‌നാട് സർക്കാർ. കഴിഞ്ഞ മാർച്ച് പത്തിനാണ് അതിക്രൂരമായ കസ്‌റ്റഡി പീഡനം നടന്നത്. പ്രായപൂർത്തിയാവാത്ത തടവുകാരെയടക്കം ചോദ്യം ചെയ്യലിനിടെ അതിക്രൂരമായി മര്‍ദ്ദിക്കുകയും കട്ടിങ് പ്ലയര്‍ കൊണ്ട് പ്രതികളുടെ പല്ലുകൾ പറിച്ചെടുക്കുന്നത് അടക്കമുള്ള അതിക്രമങ്ങളാണ് ഏറെ വിവാദമായ കസ്‌റ്റഡി പീഡനത്തിൽ നടന്നത്.
എഎസ്‌പി ബൽവീർ സിങ്ങും തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രം, കള്ളിടൈക്കുറിച്ചി, വിക്രമസിംഹപുരം പൊലീസ് സ്റ്റേഷനുകളിലെ ഒരു സംഘം പൊലീസുകാരും ചേര്‍ന്നാണ് തടവുകാരെ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയത്.
അന്വേഷണത്തിന്‍റെ നാള്‍വഴി : ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ച കേസില്‍ കഴിഞ്ഞ വർഷം മാർച്ച് 26നാണ് തിരുനെൽവേലി ജില്ല കലക്‌ടർ കാർത്തികേയൻ ഐഎഎസിന്‍റെ ഉത്തരവനുസരിച്ച് അന്വേഷണം ആരംഭിച്ചത്. അന്നത്തെ ഡെപ്യൂട്ടി കലക്‌ടർ മുഹമ്മദ് സാബിർ ഐപിഎസിന് ആയിരുന്നു അന്വേഷണ ചുമതല. തുടര്‍ന്ന് മാർച്ച് 29ന് എഎസ്‌പി ബൽവീർ സിങ്ങിനെ അന്വേഷണ വിധേയമായി മാറ്റിനിര്‍ത്തി.
ഐപിസി 323, 324, 501(1) അടക്കമുള്ള വകുപ്പുകളാണ് ഐപിഎസ് ഉദ്യോഗസ്‌ഥനെതിരെ ചുമത്തിയത്. തുടർന്ന് സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി അമുദ ഐഎഎസിന്‍റെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം നടത്തുകയും 2023 ഏപ്രിൽ 20ന് കേസ് സിബിസിഐഡിക്ക് കൈമാറുകയും ചെയ്‌തു.
സിബിസിഐഡി ഇൻസ്പെക്‌ടർ റാണി, എഡിഎസ്‌പി ശങ്കർ എന്നിവരാണ് കേസ് അന്വേഷിച്ചത്. നാല് കേസുകളിൽ എഎസ്‌പി ബൽവീർ സിംഗ്, രണ്ട് കേസുകളിൽ ഇൻസ്പെക്‌ടർ രാജകുമാരി, സബ് ഇൻസ്പെക്‌ടർമാരായ മുരുഗേഷ്, എബ്രഹാം ജോസഫ് എന്നിവർ ഉൾപ്പെട്ടിരുന്നു. വിവിധ സാക്ഷികളെയും നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ചായിരുന്നു അന്വേഷണം.
കസ്‌റ്റഡി പീഡനത്തിനിരയായ 12ഓളം പേരുടെ മൊഴികളും ശാസ്‌ത്രീയ പരിശോധനകളും പൂർത്തിയായിരുന്നു. വിക്രമസിംഗപുരം സ്‌റ്റേഷനിലെ സിസിടിവി സ്‌ഥാപിക്കാത്ത മുറിയിൽവച്ചായിരുന്നു മർദ്ദനവും പീഡനവും. എഎസ്‌പിയെ കൂടാതെ എസ്‌ഐ മുരുകേശനും ആറ് പൊലീസുകാരും സംഭവ സമയത്ത് മുറിയിൽ ഉണ്ടായിരുന്നതായും തെളിഞ്ഞു.
തുടര്‍ന്ന് കുറ്റകൃത്യത്തിന് കൂട്ടുനിന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ബൽവീർ സിങ് ഉൾപ്പടെ 14 പൊലീസുകാർക്കെതിരെയും അന്വേഷണ സംഘം തിരുനെൽവേലി ക്രിമിനൽ ആർബിട്രേഷൻ കോടതിയിൽ 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. 2023 ഡിസംബർ 15ന് സിബിസിഐഡി രജിസ്റ്റർ ചെയ്‌ത 4 കേസുകൾ തിരുനെൽവേലി ജില്ലാ കോടതി പരിഗണിച്ചു.
എഎസ്‌പി ഉൾപ്പടെ കേസിൽ ഉൾപ്പെട്ട എല്ലാ പൊലീസുകാരും ജഡ്‌ജിക്ക് മുന്നിൽ ഹാജരായി. പല്ല് പറിച്ച സംഭവത്തിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞയാഴ്‌ച തമിഴ്‌നാട് ഡിജിപിക്ക് നോട്ടീസ് അയച്ചിരുന്നു. പലതവണ നോട്ടീസ് അയച്ചിട്ടും മറുപടി നൽകാത്തതിനാലാണ് നേരിട്ട് ഹാജരാകാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഡിജിപിയോട് നിർദേശിച്ചത്.
സസ്‌പെൻഷൻ റദ്ദാക്കിയ നടപടി: കോടതിയലക്ഷ്യക്കേസ് നിലനിൽക്കെ എഎസ്‌പി ബൽവീർ സിങ്ങിന്‍റെ സസ്പെൻഷൻ ഉത്തരവ് റദ്ദാക്കിയതോടെ പല്ലുപറിച്ചെടുത്ത കേസില്‍ തീര്‍പ്പുണ്ടാകുമോയെന്ന സംശയവും പരാതിക്കാര്‍ക്കുണ്ട്. അതേസമയം ഉയർന്ന റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥർ തെറ്റ് ചെയ്താൽ അവർക്കെതിരെ ഐപിസി സെക്ഷൻ 17(എ), 17 (ബി) പ്രകാരം ഇടപെടുമെന്ന് സുപ്രീം കോടതി അഭിഭാഷകൻ മധു പ്രകാശ് ഇടിവി ഭാരതിനോട് പറഞ്ഞു.