ലഖ്‌നൗ: ഇസ്‌ലാം മത വിശ്വാസിയായ പുരുഷന്മാര്‍ക്ക് ഭാര്യ ജീവിച്ചിരിക്കെ ലിവ് ഇന്‍ റിലേഷന് അവകാശമില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭാര്യയൊഴികെ മറ്റ് സ്‌ത്രീകളുമായി ബന്ധം പുലര്‍ത്തുന്നത് ഇസ്‌ലാം മതം അനുവദിക്കുന്നില്ലെന്നും കോടതി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്‍റേതാണ് നിരീക്ഷണം.
ഹിന്ദു മത വിശ്വാസിയായ സ്‌നേഹ ദേവിയുടെയും വിവാഹിതനായ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള മുഹമ്മദ് ഷദാബ് ഖാന്‍റെയും ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഒരുമിച്ച് ജീവിക്കാന്‍ അനുമതി തേടിയുള്ള ഇരുവരുടെ ഹര്‍ജി തള്ളിയ കോടതി അത്തരമൊരു ബന്ധത്തിന് ഭരണഘടന അനുമതി നല്‍കുന്നില്ലെന്നും പറഞ്ഞു. ഇത് തികച്ചും നിയമ വിരുദ്ധമാണെന്നും ബെഞ്ച് വ്യക്തമാക്കി.
ആര്‍ട്ടിക്കിള്‍ 21 പ്രകാരമാണ് കോടതി ഹര്‍ജി തള്ളിയത്. ജസ്റ്റിസ് എആർ മസൂദി, ജസ്റ്റിസ് അജയ് കുമാർ ശ്രീവാസ്‌തവ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വ്യത്യസ്‌ത മതവിഭാഗത്തില്‍പ്പെട്ടവര്‍ തങ്ങളുടെ കുടുംബ ജീവിതത്തില്‍ തുടരണം. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അതിക്രമിച്ച് കടക്കരുത്. വിവാഹിതനെങ്കില്‍ മറ്റൊരു സ്‌ത്രീയുമായി ലിവ് ഇന്‍ റിലേഷനിലേക്ക് പോകരുത്. അത് ഇന്ത്യയുടെ സംസ്‌കാരത്തിന് ദേഷം നല്‍കുമെന്നും കോടതി സമൂഹത്തിന് നിര്‍ദേശം നല്‍കി.