കമലാപൂര്‍: ദര്‍ഗയില്‍ നിന്ന് മടങ്ങും വഴി നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. യുവാവ് മദ്യപിച്ചിരുന്നതിനാല്‍ നീന്താന്‍ കഴിയാതെ പോയതാണ് ദാരുണാന്ത്യത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ബാന്ദിയഗൗഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജഹാംഗിരബാദ് നിവാസിയായ മുഹമ്മദ് സാജിദ്(27) ന് ആണ് ദാരുണാന്ത്യമുണ്ടായത്.
ഈ മാസം 19നാണ് സംഭവം. കര്‍ണാടകയിലെ കമലാപൂര്‍ താലൂക്കിലുള്ള പട്ടവട ഗ്രാമത്തിലാണ് യുവാവ് നദിയില്‍ മുങ്ങി മരിച്ചത്. പതിനെട്ടിന് രാത്രി സയീദ് വാജിദ് എന്ന വാജിദ് ഗോട്ടി(27), മുഹമ്മദ് അഫ്രോസ് എന്ന അഫുകോമ(28), താജു എന്ന് വിളിക്കുന്ന താജുദ്ദീന്‍(26), സയീദ് സമീര്‍(25) എന്നിവര്‍ക്കൊപ്പമാണ് മരിച്ച മുഹമ്മദ് സാജിദ് ജഹാംഗിരബാദ് ബസ്‌തിയില്‍ നിന്ന് ബദലഗുപ്പയിലെ കമലപൂരിലേക്ക് ഓട്ടോ റിക്ഷയില്‍ പോയത്. ചെങ്കട്ടയിലെ മസ്‌താന ഖദ്രി ദര്‍ഗയില്‍ പ്രാര്‍ത്ഥിക്കാനായി ആയിരുന്നു യാത്ര.
19ന് മടങ്ങി വരും വഴി ഇവര്‍ പട്ടവട ഗ്രാമത്തിന് സമീപമുള്ള ചെറിയ തടയണക്ക് സമീപം എത്തി. ഇവിടേക്ക് വരും വഴി ഇവര്‍ മദ്യപിക്കുകയും കഞ്ചാവ് ഉപയോഗിക്കുകയും ചെയ്‌തതായി പറയപ്പെടുന്നു. താജുദ്ദീനും അഫ്രോസും തടയണയില്‍ ഇറങ്ങി നീന്താന്‍ തുടങ്ങി. മദ്യപിച്ച് ഏതാണ്ട് ബോധരഹിതനായിരുന്ന മുഹമ്മദ് സജീദും തനിക്ക് നീന്തണമെന്ന് പറഞ്ഞെങ്കിലും വേണ്ടെന്ന് മറ്റുള്ളവര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇത് കേള്‍ക്കാതെ ഇയാള്‍ വെള്ളത്തിലേക്ക് ചാടി. മറ്റൊരു സുഹൃത്ത് ഇത് പ്രോത്സാഹിപ്പിക്കുന്നുമുണ്ടായിരുന്നു.
Also Read: മരണം പതിയിരിക്കുന്ന ജലാശയങ്ങൾ
എന്നാല്‍ നീന്താന്‍ അറിയാമായിരുന്നെങ്കിലും ഇയാള്‍ക്ക് അതിന് സാധിച്ചില്ല. ഇയാള്‍ വെള്ളത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങി. സമീപത്തുണ്ടായിരുന്നവരോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്നാല്‍ രണ്ട് സുഹൃത്തുക്കള്‍ ഒപ്പം ഉണ്ടായിട്ടും ഇയാളെ രക്ഷിക്കാനാകാത്തതില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് പറയുന്നുണ്ട്. സജീദിന് നീന്തലറിയാമായിരുന്നു എന്ന് കാട്ടി ഇദ്ദേഹത്തിന്‍റെ സഹോദരന്‍ മുഹമ്മദ് റാഷീദും കമല്‍പൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.