ലഖ്‌നൗ: ന്യൂഡല്‍ഹിയിലെ വായുമലിനീകരണം എല്ലാ വര്‍ഷവും ഉണ്ടാകുന്ന ദുരിതമായി മാറിയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. രാജ്യതലസ്ഥാനത്തെ ജനങ്ങള്‍ നേരിടുന്ന ഗുരുതര പ്രശ്‌നം പരിഹരിക്കാൻ ബിജെപി ഭരണകൂടം ഒരു ഇടപെടലും നടത്തുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം വായുമലിനീകരണത്തിന്‍റെ ഫലങ്ങള്‍ ഉത്തര്‍പ്രദേശിലും അനുഭവപ്പെട്ട് തുടങ്ങിയതായും വ്യക്കതമാക്കി. ഡല്‍ഹിയിലെ വായു ഗുണനിലവാരത്തിന്‍റെ അവസ്ഥ വീണ്ടും മോശമായിരിക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു അഖിലേഷിന്‍റെ ബിജെപി വിമര്‍ശനം.
'ഡല്‍ഹിയിലെ വായുമലിനീകരണ പ്രശ്‌നം ഒരു വാര്‍ഷിക വിഷയമായി മാറിയിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് പോലും പ്രകൃതിയെ വൃത്തിയോടെയും ആരോഗ്യത്തോടെയും നിലനിര്‍ത്താൻ കേന്ദ്രസര്‍ക്കാരിന് സാധിക്കുന്നില്ല. അപ്പോള്‍ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലെ കാര്യം എന്തായിരിക്കും. വെളിച്ചത്തിന് താഴെയുള്ള ഇരുട്ട് എന്ന് വേണം ഇതിനെ വിശേഷിപ്പിക്കേണ്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാജ്യം ലോകത്തിന് തന്നെ അഭിമാനമാണെന്ന് അവകാശപ്പെടുന്ന ബിജെപി സര്‍ക്കാരിന് ഇവിടെ രാജ്യതലസ്ഥാനത്തെ പുകമഞ്ഞ് മൂടുന്നതില്‍ നിന്നും രക്ഷിക്കാൻ കഴിയുന്നില്ല. മറ്റ് രാജ്യങ്ങളുടെ ഹൈക്കമ്മിഷണര്‍മാരുടെയും അംബാസഡര്‍മാരുടെയും ഓഫിസുകള്‍ അവിടെയാണുള്ളത്. ഇതിലൂടെ എന്ത് സന്ദേശമാണ് അവര്‍ക്ക് കൈമാറുന്നത്? ഇത് ബിജെപി സര്‍ക്കാര്‍ ഭരണത്തിന്‍റെ പരാജയമാണ്' അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു.
വായുമലിനീകരണത്തിന്‍റെ ആഘാതങ്ങള്‍ ഉത്തര്‍പ്രദേശിലേക്കും എത്തിയെന്നും അദ്ദേഹം പറഞ്ഞു. വായു മലിനീകരണമായാലും യമുനയിലെ ജലമലിനീകരണമായാലും പൊതുജനങ്ങളുടെ ആരോഗ്യത്തേയും താജ്‌മഹലിൻ്റെ ഭംഗിയെയും ദോഷകരമായി ബാധിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ബിജെപി സർക്കാരിന് ഇതൊന്നും കാണാൻ സാധിക്കുന്നുണ്ടാകില്ല. ഇത്തരമൊരു സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അവരുടെ ജീവനും ആരോഗ്യവും സ്വയം സംരക്ഷിക്കണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: ഡല്‍ഹിക്ക് ശ്വാസം മുട്ടുന്നു; തലസ്ഥാന നഗരിയിലെ വായു മലിനീകരണത്തോത് അതീവ ഗുരുതരാവസ്ഥയില്‍
അതേസമയം, ഡൽഹിയിൽ ശനിയാഴ്‌ച (ഒക്‌ടോബർ 26) വായു ഗുണനിലവാര സൂചിക (എക്യുഐ) 255ൽ നിന്ന് 355 ആയി രേഖപ്പെടുത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) കണക്കുകൾ വ്യക്തമാക്കുന്നു. നഗരത്തിലെ 40 നിരീക്ഷണ സ്‌റ്റേഷനുകളിൽ 37 എണ്ണത്തിൽ നിന്നുള്ള വിവരങ്ങൾ സിപിസിബി പങ്കിട്ടിരുന്നു. ബവാന, ബുരാരി, ജഹാംഗീർപുരി എന്നീ മൂന്ന് സ്‌റ്റേഷനുകളില്‍ വായുനമലിനീകരണം രൂക്ഷമാണ്. അതുപോലെ ഗ്രേറ്റർ നോയിഡ, ഗാസിയാബാദ്, നോയിഡ, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും വായുവിൻ്റെ ഗുണനിലവാരം വളരെ മോശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.