ഹൈദരാബാദ് : ഉത്തരാഖണ്ഡ് സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്ന ഏകീകൃത സിവിൽ കോഡിനെ (യുസിസി) വിമർശിച്ച് എഐഎംഐഎം പ്രസിഡന്‍റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. ഇന്ത്യയിലെ മുസ്ലീങ്ങൾ തൊട്ടുകൂടാത്തവരായി മാറിയെന്ന് ഒവൈസി പറഞ്ഞു. ഡിസംബർ 31നകം മുസ്ലീങ്ങൾ ചമോലി വിട്ടുപോകണമെന്ന വ്യാപാരികളുടെ ഭീഷണിയില്‍ ഒവൈസി ആശങ്ക പ്രകടിപ്പിച്ചു.
'ഇന്ത്യയിൽ മുസ്‌ലീങ്ങളെ തൊട്ടുകൂടാത്തവരാക്കി മാറ്റിയിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ ചമോലിയിൽ 15 മുസ്ലീം കുടുംബങ്ങള്‍ക്ക് ബഹിഷ്‌കരണം പ്രഖ്യാപിച്ചു. ഡിസംബർ 3-നകം മുസ്ലീങ്ങൾ ചമോലി വിട്ടുപോകണമെന്നാണ് അവിടുത്തെ വ്യാപാരികളുടെ ഭീഷണി. ഭൂവുടമകൾ മുസ്ലീങ്ങൾക്ക് വീട് നൽകിയാൽ 10,000 രൂപ പിഴ അടയ്‌ക്കേണ്ടി വരും. ചമോലിയിലെ മുസ്ലീങ്ങൾക്ക് സമത്വത്തോടെയും ബഹുമാനത്തോടെയും ജീവിക്കാൻ അവകാശമില്ലേ?'- അസദുദ്ദീൻ ഒവൈസി എക്‌സില്‍ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്തും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയേയും ബിജെപിയേയും ഏകീകൃത സിവില്‍ കോഡിന്‍റെ പേരില്‍ വിമർശിച്ചിരുന്നു. യുസിസിയിൽ കാര്യമായി ഒന്നും തന്നെയില്ലെന്നും അത് കേവലം രാഷ്‌ട്രീയ പ്രൊമോഷൻ പരിപാടി മാത്രമാണെന്നും ഹരീഷ് റാവത്ത് പറഞ്ഞു. അതേസമയം, യുസിസി റൂൾസ് ആൻഡ് ഇംപ്ലിമെന്‍റേഷൻ കമ്മിറ്റി ചെയർമാൻ റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ ശത്രുഘ്നൻ സിങ് അന്തിമ റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റിൽ കഴിഞ്ഞ ദിവസം സമർപ്പിച്ചു.
വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ലിവ്- ഇന്‍ ബന്ധങ്ങൾ തുടങ്ങിയ കാര്യങ്ങളെയടക്കം ഉത്തരാഖണ്ഡ് യുസിസി ബിൽ അഭിസംബോധന ചെയ്യുന്നുണ്ട്. യൂണിഫോം സിവിൽ കോഡ് ബിൽ നിയമപ്രകാരം ലിവ്-ഇൻ ബന്ധങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കും. ശൈശവ വിവാഹത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്താനും വിവാഹമോചനത്തിന് ഒരു ഏകീകൃത നടപടിക്രമം അവതരിപ്പിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.