ഹൈദരാബാദ് : നരേന്ദ്ര മോദിയും ബിജെപിയും 'വികസിത ഭാരത'ത്തെക്കുറിച്ചും രാജ്യത്തിന്‍റെ പുരോഗതിയെക്കുറിച്ചും സംസാരിക്കുമ്പോഴും രാജ്യത്ത് തൊഴിലില്ലായ്‌മ രൂക്ഷമാണെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. എഐഎംഐഎം രൂപീകരണ ദിന പരിപാടിയിൽ പാർട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു ഒവൈസി. ബിജെപിക്ക് നേട്ടങ്ങളായി ഉയര്‍ത്തിപ്പിടിക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. (While BJP and PM Modi talk about 'Viksit Bharat' and the nation's progress, unemployment is rampant in country says AIMIM president Asaduddin Owaisi)
ഉത്തർപ്രദേശിൽ 50,000 തസ്‌തികകളിലേക്ക് 50 ലക്ഷം യുവാക്കളാണ് അപേക്ഷിച്ചിരിക്കുന്നത്. മറ്റൊരു സംസ്ഥാനത്ത്, പിഎച്ച്‌ഡി ഉള്ള 3000 യുവാക്കൾ പ്യൂൺ ജോലിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'എന്താണ് പ്രധാനമന്ത്രി മോദി ചെയ്‌തത്? അച്ചെ ദിൻ വന്നെന്ന് അദ്ദേഹം പറയും. ഞങ്ങൾ 'വിക്‌സിത് ഭാരത്' ആക്കി എന്നും പറയുന്നു. ഞങ്ങൾ ഇന്ത്യയെ ലോകമെമ്പാടും അഭിമാനം കൊള്ളിച്ചു എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ നിങ്ങൾ തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചിട്ടില്ലെന്നും യുവാക്കളെ തൊഴിൽ രഹിതരാക്കി എന്നും നരേന്ദ്ര മോദിയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു' ഒവൈസി പറഞ്ഞു.
'ഇന്ത്യയിൽ നിന്ന് ഞങ്ങൾക്ക് യുവാക്കളെ തരൂ എന്നാണ് ഇസ്രായേൽ നരേന്ദ്ര മോദിയോട് പറയുന്നത്. മോദി ജി, ഇത് എന്ത് വിക്‌സിത് ഭാരത്?' അദ്ദേഹം ചോദിച്ചു. റഷ്യൻ സൈന്യത്തിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്‌ത് ഏജന്‍റുമാര്‍ റിക്രൂട്ട് ചെയ്‌ത് അയച്ച ഇന്ത്യൻ യുവാക്കൾ യുക്രെയ്‌നുമായി യുദ്ധം ചെയ്യാൻ നിർബന്ധിക്കപ്പെടുകയാണെന്നും മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി ഒവൈസി ആരോപിച്ചു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെങ്കിൽ യുവാക്കൾ എന്തിനാണ് റഷ്യയിലേക്ക് പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.
"നിങ്ങൾ ജോലി നൽകിയെങ്കില്‍ നാരായൺപേട്ടിലെ (തെലങ്കാന) ഞങ്ങളുടെ മൊഹമ്മദ് സൂഫിയാൻ എന്തിനാണ് റഷ്യയിലേക്ക് പോയത്? യുദ്ധത്തിൽ മരിച്ച ഗുജറാത്തിലെ ഞങ്ങളുടെ മകൻ എന്തിനാണ് റഷ്യയിലേക്ക് പോയത്? തൊഴിലില്ലായ്‌മയാണ് പ്രശ്‌നം"- അദ്ദേഹം പറഞ്ഞു. മുസ്‌ലിംകളെ അപകീർത്തിപ്പെടുത്തുന്നതിലൂടെ യുവാക്കൾക്ക് തെറ്റായ സന്ദേശം നൽകാനാകുമെന്നും എന്നാൽ അവരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കപ്പെടില്ലെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകാതിരിക്കാൻ എഐഎംഐഎം ശ്രമിക്കുമെന്ന് ഒവൈസി പറഞ്ഞു. മസ്‌ജിദുകൾ തട്ടിയെടുക്കാനുള്ള ശ്രമങ്ങൾ രാജ്യത്ത് നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സിഎഎ നടപ്പാക്കുന്നതോടെ സ്വന്തം രാജ്യത്ത് രേഖകൾ കാണിക്കാൻ ഞങ്ങൾ നിർബന്ധിതരാകുമെന്നും ഒവൈസി ചൂണ്ടിക്കാട്ടി.
എഐഎംഐഎം അനീതിക്കെതിരെ പോരാടുമെന്ന് പറഞ്ഞ അദ്ദേഹം പാർലമെന്‍റില്‍ 'ബാബറി മസ്‌ജിദ് സിന്ദാബാദ്' വിളിച്ചതും അനുസ്‌മരിച്ചു. ഹിന്ദു അവിഭക്ത കുടുംബ നികുതി ഇളവ് ഒരു സമുദായത്തിന് മാത്രം നൽകുകയും മുസ്ലീങ്ങൾക്ക് നൽകാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി മോദിയോട് ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഉത്തരാഖണ്ഡിലെ ഏകീകൃത സിവില്‍കോഡ് നിയമങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് ഒവൈസി പറഞ്ഞു.
മുസ്ലീങ്ങളെ അവരുടെ മതത്തിൽ നിന്ന് അകറ്റാൻ മാത്രമാണ് ഉത്തരാഖണ്ഡ് സർക്കാർ ശ്രമിക്കുന്നതെന്ന് ഒവൈസി ആരോപിച്ചു. രാജ്യത്ത് സിഎഎ നടപ്പാക്കാനുള്ള നീക്കത്തെയും അദ്ദേഹം വിമര്‍ശിച്ചു. സിഎഎ നടപ്പിലാക്കിയാല്‍ നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ 'രേഖകൾ കൊണ്ടുവരൂ, നിങ്ങളുടെ മുത്തച്ഛന്‍റെ ജനന സർട്ടിഫിക്കറ്റ് കാണിക്കൂ' എന്നൊക്കെ ആവശ്യപ്പെടും.രേഖ കാണിക്കാത്തവരെ സംശയിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തും.' അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ സിഖുകാർക്ക് പൗരത്വം നൽകുന്നതിന് താൻ എതിരല്ലെന്ന് സൂചിപ്പിച്ച ഒവൈസി, സിഎഎ ഉണ്ടാക്കിയത് മതത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് ആവര്‍ത്തിച്ചു. പഴയ ഹൈദരാബാദ് നഗരത്തിൽ എഐഎംഐഎം "ഒറിജിനൽ" ആണെന്നും മറ്റുള്ളവ "ചൈനീസ് സാധനങ്ങൾ" പോലെ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിനായി എഐഎംഐഎം എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഒവൈസി ചൂണ്ടിക്കാട്ടി. മെട്രോ റെയിൽ ശൃംഖലയ്ക്ക് തറക്കല്ലിടാൻ അടുത്തയാഴ്‌ച ഹൈദരാബാദിലെത്തുന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ അദ്ദേഹം സ്വാഗതം ചെയ്‌തു. എഐഎംഐഎം നേതാക്കൾ ജാതിയും മതവും നോക്കാതെ തങ്ങളെ സമീപിക്കുന്ന എല്ലാവരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ഒവൈസി ആഹ്വാനം ചെയ്‌തു.
Also Read : രാഹുല്‍ ഇത്തവണ എവിടെ മത്സരിക്കും ? ചര്‍ച്ചകളില്‍ നിറഞ്ഞ് രാഹുല്‍ ഗാന്ധിയും വയനാടും