ആഗ്ര: ഡ്യൂട്ടിയിലുള്ള വനിത പൊലീസുകാര്‍ക്ക് കുട്ടികളെ നോക്കാന്‍ രണ്ട് മണിക്കൂര്‍ ബ്രേക്ക് അനുവദിക്കാന്‍ ആഗ്ര പൊലീസ് കമ്മീഷണറേറ്റ്. ഉച്ച സമയത്താണ് ബ്രേക്ക് അനുവദിക്കുക. യൂണിഫോമിലുള്ള അമ്മമാർക്ക് ഉച്ച കഴിഞ്ഞ് ഡ്യൂട്ടിയിൽ നിന്ന് രണ്ട് മണിക്കൂർ അവധിയെടുക്കാനും കുട്ടികളെ പരിപാലിക്കാനും അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനും കഴിയും.
ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമാകും സംവിധാനം നിലവിൽ വരിക. സംസ്ഥാനത്തെ മുന്നൂറിലധികം വനിതാ പൊലീസുകാർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ആഗ്ര പൊലീസ് കമ്മീഷണറേറ്റിൽ 650-ല്‍ അധികം വനിത പൊലീസുകാരാണുള്ളത്. ഇതിൽ കോൺസ്‌റ്റബിൾ, ഹെഡ് കോൺസ്‌റ്റബിൾ, എഎസ്ഐ, എസ്ഐ, ഇൻസ്‌പെക്‌ടർ എന്നിവരും ഉൾപ്പെടുന്നു. ഇവരിൽ 60 ശതമാനവും വിവാഹിതരാണ്.
ഗര്‍ഭിണികളായ വനിത പൊലീസുകാരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് ചെക്കപ്പുകള്‍ക്കും പരിശോധനകള്‍ക്കുമായി ഒരു മുഴുവന്‍ ദിവസ അവധി നൽകാനുള്ള ക്രമീകരണവും പദ്ധതിയിലുണ്ട്. ഗർഭിണികളായ വനിത പൊലീസുകാരെ റെയ്‌ഡുകൾ ഉൾപ്പെടെയുള്ള പല ചുമതലകളിൽ നിന്നും ഇളവ് നല്‍കുന്നതും പദ്ധതിയിലുണ്ട്.
Also Read: വീട്ടില്‍ അതിക്രമിച്ച് കയറി, സുരക്ഷ ജീവനക്കാരനെ ആക്രമിച്ചു; ഊര്‍ജ വകുപ്പ് സെക്രട്ടറിയായ മുൻ ഭാര്യയുടെ പരാതിയില്‍ മുൻ ഡിജിപി അറസ്റ്റില്‍