ന്യൂഡല്‍ഹി: വ്യവസായ ഭീമന്‍ അദാനി ഗ്രൂപ്പിന്‍റെ ക്രമക്കേട് സംബന്ധിച്ച വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര പ്രമേയ നോട്ടിസ്. കോണ്‍ഗ്രസിന്‍റെ ലോക്‌സഭ എംപി കെസി വേണുഗോപാലാണ് നോട്ടിസ് നല്‍കിയത്. ഇതേവിഷയം സംബന്ധിച്ച് ജോയിന്‍റ് പാര്‍ലമെന്‍ററി കമ്മിറ്റി ചേരാനും അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിട്ടുണ്ട്.
അദാനിയ്‌ക്കെതിരെ യുഎസില്‍ ഉയര്‍ന്ന രണ്ട് കുറ്റാരോപണങ്ങള്‍ മുന്‍നിര്‍ത്തി, ഒരു വ്യാപാര ലക്ഷ്യസ്ഥാനം എന്ന നിലയില്‍ ഇന്ത്യയ്‌ക്കുണ്ടാകുന്ന സ്വാധീനം, നമ്മുടെ നിയന്ത്രണ, മേല്‍നോട്ട പ്രക്രിയകളുടെ കരുത്ത് എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് ലോക്‌സഭയിലും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയാണ് നോട്ടിസ് നല്‍കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അദാനി വിഷയത്തില്‍ കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോറും അടിയന്ത്ര പ്രമേയ നോട്ടിസ് അവതരിപ്പിച്ചു. 'ഈ വിഷയത്തില്‍ മോദി സര്‍ക്കാരിന്‍റെ മൗനം ഇന്ത്യയുടെ അഖണ്ഡതയേയും സമ്പദ്‌വ്യവസ്ഥയേയും ആഗോള പ്രശസ്‌തിയേയും തകര്‍ക്കുന്നതാണ്. ഉത്തരവാദിത്തം ഉറപ്പാക്കണം. അദാനിയുമായുള്ള സൗഹൃദത്തെ കുറിച്ചും അദാനി കുംഭകേണത്തെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഉത്തരം പറഞ്ഞേ മതിയാകൂ.' -മാണിക്കം ടാഗോര്‍ അടിയന്തര പ്രമേയ നോട്ടില്‍ ആവശ്യപ്പെട്ടു.
നിലവിലെ വിഷങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മറ്റുമായി കോണ്‍ഗ്രസ് എംപിമാര്‍ യോഗം ചേരും. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ഓഫിസില്‍ രാവിലെ 10.30നാണ് യോഗം. മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ശീതകാല പാര്‍ലമെന്‍റ് സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. ഡിസംബര്‍ 20 വരെ നീളുന്ന സമ്മേളനത്തില്‍ വഖഫ് നിയമ (ഭേദഗതി) ബിൽ ഉൾപ്പെടെയുള്ള വിവിധ ബില്ലുകൾ ചര്‍ച്ച ചെയ്‌തേക്കും.
ഗോവ സംസ്ഥാനത്തെ മണ്ഡലങ്ങള്‍ സംബന്ധിച്ചുള്ള ബിൽ, കടൽ വഴിയുള്ള ചരക്ക് ബിൽ, റെയിൽവേ (ഭേദഗതി) ബിൽ, ബാങ്കിങ് നിയമങ്ങൾ (ഭേദഗതി) ബിൽ, എണ്ണപ്പാടങ്ങൾ (നിയന്ത്രണവും വികസനവും) ഭേദഗതി ബിൽ, ബോയിലേഴ്‌സ് ബിൽ, രാഷ്‌ട്രീയ സഹകാരി വിശ്വവിദ്യാലയ ബിൽ, പഞ്ചാബ് കോടതികൾ (ഭേദഗതി) ബിൽ, മർച്ചന്‍റ് ഷിപ്പിങ് ബിൽ, തീരദേശ ഷിപ്പിങ് ബിൽ, ഇന്ത്യൻ തുറമുഖ ബില്‍ തുടങ്ങിയവയെ കുറിച്ചുള്ള ചര്‍ച്ചകളും ശീതകാല സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് എംപിയായി സത്യപ്രതിജ്ഞ ചെയ്യും. വയനാട് ഉരുള്‍പൊട്ടലാകും പ്രിയങ്ക തന്‍റെ കന്നി പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഉന്നയിക്കുന്ന ആദ്യ വിഷയം.