ചെന്നൈ : മലയാളം, തമിഴ് സിനിമകളിലൂടെ പ്രശസ്‌തയായ നടി ഷക്കീലയ്‌ക്ക് നേരെ വളര്‍ത്തുമകളുടെ ആക്രമണം (Actress Shakeela Attacked By Her Adopted Daughter). ഷക്കീലയുടെ അഭിഭാഷകയ്‌ക്കും മര്‍ദനമേറ്റു. സംഭവത്തെ തുടര്‍ന്ന് ചെന്നൈയിലെ കോടമ്പാക്കം പൊലീസ് സ്‌റ്റേഷനില്‍ പരാതി നൽകി. കുംടുബ പ്രശ്‌നമാണ് അക്രമണത്തിന് കാരണമെന്നാണ് പരാതി. വളര്‍ത്തുമകള്‍ ശീതളിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഷക്കീലയുടെ ജ്യേഷ്‌ഠന്‍റെ മരണത്തെത്തുടർന്ന് ആറുമാസം പ്രായമുള്ളപ്പോഴാണ് ശീതളിനെ ദത്തെടുക്കുന്നത്. ഇന്നലെ വൈകിട്ട് ഷക്കീലയുടെ കുടുംബത്തില്‍ പ്രശ്‌നമുണ്ടായതായും തുടര്‍ന്ന് തര്‍ക്കമുണ്ടായതായും പറയുന്നു. ഷക്കീലയെ ആക്രമിച്ച ശേഷം ശീതള്‍ വീട്ടില്‍ നിന്നും പോയി. ഈ സാഹചര്യത്തിലാണ് ശീതൾ തന്നെ ആക്രമിച്ച വിവരം ഷക്കീല അഭിഭാഷകയായ സൗന്ദര്യയെ ഫോണിൽ അറിയിച്ചത്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനായി അഭിഭാഷക ശീതളിനെ ഫോണില്‍ വിളിച്ചെങ്കിലും മോശമായി സംസാരിക്കുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ അഭിഭാഷകയെയും ഷക്കീലയെയും ശീതളും സഹോദരി ജമീലയും സ്വന്തം അമ്മ ശശിയും ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് സൂചന.
ഇതേത്തുടർന്നാണ് അഭിഭാഷകയായ സൗന്ദര്യയ്ക്ക് പരിക്കേറ്റത്. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം അഭിഭാഷകയായ സൗന്ദര്യ ഷക്കീലയ്‌ക്കൊപ്പം ചെന്നൈയിലെ കോടമ്പാക്കം പൊലീസ് സ്‌റ്റേഷനിലെത്തി സംഭവത്തിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയിൽ ശീതളിനെയും സഹോദരിയെയും അമ്മയെയും കോടമ്പാക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പിടിച്ചെടുത്തു.
കാമുകന്‍ അതിക്രൂരമായി ഉപദ്രവിച്ചു: മുന്‍ കാമുകന്‍ തന്നെ അതിക്രൂരമായി ആക്രമിച്ചെന്ന വെളിപ്പെടുത്തലുമായി തമിഴ് നടി അനിഖ വിജയ് വിക്രമന്‍ (2023 മാര്‍ച്ച് 6ന് )പരാതിയുമായി രംഗത്തെത്തിയിരുന്നു. മുന്‍ കാമുകന്‍ അനൂപ് പിള്ള തന്നെ തല്ലിച്ചതച്ച ചിത്രങ്ങള്‍ അടക്കം പങ്കുവച്ച് കൊണ്ട് ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെയായിരുന്നു അനിഖയുടെ വെളിപ്പെടുത്തല്‍. താരം പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
'അനൂപുമായുള്ള എല്ലാ സംഭവങ്ങളും ഉപേക്ഷിച്ചിട്ടും എനിക്ക് ഭീഷണി കോളുകള്‍ വരുന്നുണ്ട്. എന്നെയും എന്‍റെ കുടുംബത്തെയും തുടര്‍ച്ചയായി തരംതാഴ്‌ത്തുകയാണ്. മുന്‍ കാമുകന്‍ എന്നെ ആക്രമിക്കുന്നതിന് മുമ്പ്, ഞാന്‍ ക്ലിക്ക് ചെയ്‌ത എന്‍റെ ചിത്രം എടുക്കുമ്പോള്‍ വളരെ ആവേശഭരിതയായിരുന്നു ഞാന്‍. പഴയതാണെങ്കിലും എന്‍റെ ഹെയര്‍ സ്‌റ്റൈല്‍ കാണിക്കാന്‍ ഞാന്‍ വളരെ ആവേശഭരിതയായിരുന്നു. ഈ ആഴ്‌ച മുതല്‍ ഞാന്‍ ചിത്രങ്ങള്‍ പോസ്‌റ്റ് ചെയ്യാന്‍ തുടങ്ങും. എനിക്ക് ഇന്‍സ്‌റ്റ നഷ്‌ടമായി'- ഇപ്രകാരം കുറിച്ച് കൊണ്ടാണ് അനിഖ തന്‍റെ പരിക്കേറ്റ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇതേകുറിച്ചുള്ള പോസ്‌റ്റുകള്‍ അനിഖ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയായും പങ്കുവച്ചിട്ടുണ്ട്.