ബെംഗളുരു: കൊലപാതകവുമായി ബന്ധപ്പെട്ട് കന്നഡ ചലച്ചിത്ര താരം ദര്‍ശന്‍ തുഗുദീപയെയും ഉറ്റസുഹൃത്ത് പവിത്ര ഗൗഡയെയും മറ്റ് പതിനൊന്ന് പേരെയും ആറ് ദിവസത്തേക്ക് കോടതി പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു. 24 എസിഎംഎം കോടതിയാണ് ഇവരെ ഈ മാസം പതിനേഴ് വരെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ട് കൊണ്ട് ഉത്തരവായിരിക്കുന്നത്.
കാമാക്ഷി പാളയ പൊലീസാണ് ദര്‍ശന്‍, പവിത്രഗൗഡ, പവന്‍, വിനയ്, പ്രദോഷ്, നന്ദിഷ്, ദീപക്, ലക്ഷ്‌മണ്‍, നാഗരാജു, കാര്‍തിക്ക്, നിഖില്‍, കേശവ മൂര്‍ത്തി, രാഘവേന്ദ്ര എന്നിവരെ രേണുക് സ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റിന് ശേഷം ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. പിന്നീട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
സംഭവം നടന്ന സ്ഥലം പൊലീസ് പരിശോധിച്ചു. പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരുടെ ഫോണുകളും കുറ്റകൃത്യത്തിനായി ഉപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം ആവശ്യമെങ്കില്‍ ഇവരെ വീണ്ടും പതിനാല് ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയില്‍ റിമാന്‍ഡ് ചെയ്യണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.
അതേസമയം ദര്‍ശന്‍ നിരപരാധിയാണെന്ന് അയാളുടെ അഭിഭാഷകന്‍ വാദിച്ചു. ദര്‍ശന് കൊലപാതകത്തില്‍ പങ്കില്ല. അദ്ദേഹം ഒന്നും ഒളിക്കുന്നില്ല. കൊലപാതകം നടന്ന സമയം ഒരു ചിത്രത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മൈസൂരിലായിരുന്നു. നേരത്തെ തന്നെ കൊലചെയ്യപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ദര്‍ശനെ പൊലീസ് ഇന്നാണ് ചോദ്യം ചെയ്‌തത്. പൊലീസ് കസ്‌റ്റഡിയില്‍ റിമാന്‍ഡ് ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം വാദിച്ചു. തുടര്‍ന്ന് ആറ് ദിവസത്തേക്ക് കാമാക്ഷി പാളയ പൊലിസിന്‍റെ കസ്‌റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
ഒരു മരുന്ന് കമ്പനിയില്‍ ജോലി ചെയ്യുന്ന ചിത്രദുര്‍ഗ ജില്ലയില്‍ നിന്നുള്ള രേണുക സ്വാമി ദര്‍ശന്‍റെ സുഹൃത്ത് കൂടിയായ ചലച്ചിത്ര താരം പവിത്ര ഗൗഡയ്ക്കെതിരെ അപമാനകരമായ കമന്‍റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്‌തിരുന്നതായി പറയപ്പെടുന്നു.
Also Read: നടിയ്‌ക്ക് അശ്ലീല സന്ദേശം അയച്ചതിന് കൊലപാതകം ; പ്രമുഖ നടൻ ദർശൻ അറസ്റ്റില്‍