ഗോണ്ട (ഉത്തർപ്രദേശ്): കൈസർഗഞ്ച് എംപിയും മുൻ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്‍റെ മകന്‍ കരൺ ഭൂഷൺ സിങ്ങിന്‍റെ അകമ്പടി വാഹനമിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അപകടത്തില്‍ ഒരു സ്‌ത്രീക്ക് പരിക്കേറ്റു. മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന റെഹാൻ ഖാൻ (17), ഷെഹ്‌സാദ് ഖാൻ (20) എന്നിവരെ സ്‌കൂളിന് സമീപം വെച്ച് അകമ്പടി വാഹനം ഇടിക്കുകയായിരുന്നു. കൈസർഗഞ്ചിലെ ബിജെപി സ്ഥാനാർഥിയാണ് കരണ്‍ സിങ്.
നിയന്ത്രണം വിട്ട എസ്‌യുവി സ്‌കൂട്ടറിലിടച്ച ശേഷം റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സീതാദേവിയെ (60) ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവാക്കള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കേർണൽഗഞ്ച് എസ്എച്ച്ഒ നിർഭയ് നാരായൺ സിങ് പറഞ്ഞു. അപകടമുണ്ടാക്കിയ വാഹനത്തിന്‍റെ ഡ്രൈവര്‍ ലവ്കുഷ് ശ്രീവാസ്‌തവിനെ (30) പൊലീസ് കസ്‌റ്റഡിയിലെടുത്തു. അപകടം ഉണ്ടാക്കിയ എസ്‌യുവിയിലുണ്ടായിരുന്നവർ കാർ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടതായി നാട്ടുകാര്‍ ആരോപിച്ചു.
ക്രമസമാധാനം ഉറപ്പാക്കാൻ പ്രദേശത്ത് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ അപകടത്തിൽപ്പെട്ടവരെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങൾക്കൊപ്പം റോഡ് ഉപരോധിച്ചു. മുതിർന്ന പൊലീസുദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ സമാധാനിപ്പിച്ചത്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി.
വനിതാ ഗുസ്‌തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചതിന് ക്രിമിനൽ നടപടി നേരിടുന്ന ബ്രിജ് ഭൂഷണെ മാറ്റി, കൈസർഗഞ്ച് സീറ്റിൽ നിന്ന് കരൺ സിങ്ങിനെയാണ് ബിജെപി ഇത്തവണ ലോക്‌സഭ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.