ഹൈദരാബാദ്: പൈലറ്റ് പരിശീലനം വൈകിച്ച ഫ്ലൈറ്റ് ട്രെയിനിങ് അക്കാദമിക്ക് വന്‍ തുക പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ. ഹൈദരാബാദിലെ ഏഷ്യാ പസഫിക് ഫ്ലൈറ്റ് ട്രെയിനിങ് അക്കാദമി ലിമിറ്റഡിനെതിരെയാണ് രംഗറെഡ്ഡി ജില്ലാ ഉപഭോക്തൃ കമ്മീഷൻ പിഴ ചുമത്തിയത്. വിദ്യാര്‍ഥികളില്‍ നിന്ന് മുഴുവൻ തുകയും ഈടാക്കിയ ശേഷം പൈലറ്റ് പരിശീലനം നൽകാൻ വൈകിയതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. 45 ദിവസത്തിനകം ഒമ്പത് ശതമാനം പലിശ സഹിതം 6,70,000 രൂപയും 10,000 രൂപ നഷ്‌ടപരിഹാരവും നൽകാനും ഉത്തരവിട്ടു.
2020 ജൂലൈയിൽ പൈലറ്റ് പരിശീലനത്തിനും ലൈസൻസിനും വേണ്ടി ഹൈദരാബാദ് സ്വദേശി മോഹിത് അഗർവാൾ 'ഏഷ്യ പസഫിക് അക്കാദമി' യെ സമീപിച്ചിരുന്നു. 10,95,000 രൂപ നല്‍കിയാല്‍ 50 മണിക്കൂർ പരിശീലനം ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കാമെന്ന് അക്കാദമി അറിയിച്ചു. തുടർന്ന്, 2020 സെപ്‌തംബറിൽ തന്നെ മോഹിത് മുഴുവൻ ഫീസും അടച്ചു. ഓഗസ്‌റ്റിൽ തന്നെ പരിശീലനം തുടങ്ങുമെന്ന് അക്കാദമി പറഞ്ഞു.
എന്നാല്‍, വളരെ വൈകി 2022 ജനുവരി 12 നാണ് പരിശീലനം ആരംഭിക്കുന്നത്. മൂന്ന് മാസം കൊണ്ട് 16.5 മണിക്കൂർ പരിശീലനം മാത്രമാണ് അക്കാദമി നൽകിയത്. പിന്നീട് വിമാനത്തിന് അറ്റകുറ്റപ്പണികൾ ചെയ്യേണ്ടിവന്നതിനാല്‍ പരിശീലനം മാറ്റിവച്ചു. ഈ സാഹചര്യത്തിലാണ് മോഹിത് അഗർവാൾ കമ്മീഷനെ സമീപിച്ചത്.
തെളിവുകൾ പരിശോധിച്ച കമ്മീഷൻ, പൂർത്തിയാക്കിയ പരിശീലന സമയം കണക്കിലെടുത്ത് ബാക്കി തുക കമ്പനി തിരിച്ച് നൽകണമെന്ന് ഉത്തരവിട്ടു. 6,70,000 രൂപയും 10,000 രൂപ നഷ്‌ടപരിഹാരവുമാണ് കമ്പനി നല്‍കേണ്ടി വരിക.