ന്യൂഡൽഹി : മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തതിൽ ബിജെപിക്കെതിരെ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഎപി നേതാവും ഡൽഹി മന്ത്രിയുമായ ഗോപാൽ റായ് പ്രഖ്യാപിച്ചു. ബിജെപി ഏജൻസികളെ അയച്ച് അരവിന്ദ് കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തു. ഇത് ജനാധിപത്യത്തിന്‍റെ കൊലപാതകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു (AAP Announces Nationwide Protest Against Kejriwal's Arrest, Invites INDIA Bloc To Join).
അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10 മണിക്ക് ബിജെപി പാർട്ടിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഒരു തുറന്ന പ്രതിഷേധമാണെന്നും സ്വേച്ഛാധിപത്യത്തിനെതിരായ ആരെയും സ്വാഗതം ചെയ്യുന്നു എന്ന് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധത്തിൽ പങ്കുചേരുമോ എന്ന ചോദ്യത്തിന് മറുപടിയായി ഗോപാൽ റായ് പറഞ്ഞു. ഇന്ത്യ മുന്നണിയിലെ അംഗങ്ങളുടെ പിന്തുണ കോൺഗ്രസ് ഉറപ്പുനൽകിയതായി എഎപി നേതാവ് അതിഷി അറിയിച്ചു. അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റിനു പിന്നാലെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെതിരെ ആം ആദ്‌മി പാർട്ടി പ്രവർത്തകർ എറണാകുളത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
അതേസമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അനധികൃത അറസ്‌റ്റിനെതിരെ തങ്ങൾ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും ഇന്ന് രാവിലെ സുപ്രീം കോടതിയിൽ പരാമർശിക്കുമെന്നും സുപ്രീം കോടതി ജനാധിപത്യത്തെ സംരക്ഷിക്കുമെന്നും ഡൽഹി മന്ത്രിയും എഎപി നേതാവുമായ അതിഷി മാധ്യമങ്ങളോട് പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌ത സമയത്തെയും അതിഷി ചോദ്യം ചെയ്‌തു. രണ്ട് വർഷത്തെ അന്വേഷണത്തിൽ സിബിഐയോ ഇഡിയോ ഒരു പൈസ പോലും കണ്ടെത്തിയിട്ടില്ലെന്ന് അവര്‍ ആരോപിച്ചു. കൂടാതെ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിയെ വെല്ലുവിളിക്കാൻ കഴിവുള്ള ഏറ്റവും ജനപ്രിയ നേതാവാണ് കെജ്‌രിവാളെന്ന് ബിജെപിക്ക് അറിയാമെന്നും അതിഷി വ്യക്തമാക്കി.