ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള ആംആദ്‌മി പാര്‍ട്ടി സഖ്യത്തെ ബിജെപി നേതൃത്വം ഭയക്കുന്നുവെന്ന് ഡൽഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ്. കോൺഗ്രസും ആം ആദ്‌മി പാർട്ടിയും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ അന്തിമമായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നയുടനെ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ഇഡി കെജ്‌രിവാളിന് ഏഴാമത്തെ സമൻസ് അയച്ചിരുന്നു.
അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാൻ ബിജെപി സിബിഐയെ ഉപയോഗിക്കുകയാണ്. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാൻ സിബിഐ പദ്ധതിയിടുന്നതായി ഞങ്ങൾക്ക് സൂചന ലഭിച്ചെന്നും സൗരഭ് ഭരദ്വാജ് അറിയിച്ചു (AAP-Congress tie up).
ഇന്ന് (23-02-2024) ഉച്ചയോടെയോ വൈകുന്നേരമോ കെജ്‌രിവാളിന് സിബിഐ നോട്ടീസ് നൽകും. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ കെജ്‌രിവാളിന്‍റെ അറസ്റ്റ് ഉണ്ടാകുമെന്നും സൗരഭ് ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു. 'എഎപി-കോൺഗ്രസ് സഖ്യം ഉണ്ടായാൽ അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലാകുമെന്ന സന്ദേശമാണ് ലഭിക്കുന്നത്.
എഎപി-കോൺഗ്രസ് സഖ്യത്തെ ബിജെപി ഭയക്കുന്നു. ബിജെപി വളരെ പരിഭ്രാന്തിയിലാണെന്ന് വ്യക്തമാണ്. ആം ആദ്‌മി പാർട്ടിയും കോൺഗ്രസും ഒരുമിച്ചാൽ, എവിടെ സഖ്യമുണ്ടാക്കിയാലും, ഏത് സംസ്ഥാനത്തായാലും ബിജെപിക്ക് അത് ബുദ്ധിമുട്ടാണ്. നിങ്ങൾക്ക് വേണമെങ്കിൽ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാം, പക്ഷേ സഖ്യം മുന്നോട്ടുപോകും. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താലും എഎപി-കോൺഗ്രസ് സഖ്യത്തെ അത് ബാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ ജനങ്ങൾ തെരുവിലിറങ്ങുമെന്ന് എഎപി രാജ്യസഭ എംപി സന്ദീപ് പഥക് പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ തെറ്റിപ്പോകും. അറസ്റ്റിനെ ഞങ്ങൾ ഭയപ്പെടുന്നില്ല. രാജ്യത്തിന് വേണ്ടിയാണ് ഞങ്ങൾ ഈ സഖ്യം ഉണ്ടാക്കുന്നതെന്നും സന്ദീപ് പഥക് കൂട്ടിച്ചേർത്തു. അതേസമയം സിബിഐയോ, ബിജെപിയോ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.