ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തതിന് കേന്ദ്രസർക്കാരിനെതിരെ ശബ്‌ദമുയർത്തി ആം ആദ്‌മി പാർട്ടി. 'മെയിൻ ഭി കെജ്‌രിവാൾ' ക്യാമ്പെയ്ൻ പ്രഖ്യാപിച്ചുകൊണ്ടാണ് എഎപി രംഗത്ത് വന്നത് (AAP announced Main Bhi Kejriwal campaign). അതേസമയം കെജ്‌രിവാൾ സ്ഥാനമൊഴിയില്ലെന്നും പാർട്ടി വ്യക്തമാക്കി.
മദ്യനയ അഴിമതി കേസിൽ പാർട്ടി ദേശീയ കൺവീനർ കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌ത പശ്ചാത്തലത്തിൽ ഭാവി നടപടി തീരുമാനിക്കാൻ ചേർന്ന യോഗത്തിലാണ് ആം ആദ്‌മി പാർട്ടി (എഎപി) നിലപാട് ആവർത്തിച്ചത്. കെജ്‌രിവാളിന്‍റെ അറസ്‌റ്റിന് ശേഷമുള്ള പാർട്ടിയുടെ ആദ്യ പ്രധാന യോഗമായിരുന്നു ഇത്.
ആം ആദ്‌മി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) ഡോ സന്ദീപ് പഥക് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും മന്ത്രിമാരും എംഎൽഎമാരും പാർട്ടിയും ജയിലിൽ നിന്ന് ഉത്തരവുകൾ സ്വീകരിക്കുന്നത് തുടരുമെന്നും യോഗത്തിൽ തീരുമാനമായതായി പാർട്ടി പ്രസ്‌താവനയിൽ പറഞ്ഞു.
'മെയിൻ ഭി കെജ്‌രിവാളി'ന്‍റെ പ്രചാരണം ഉടൻ ആരംഭിക്കുമെന്നും വീടിന് പുറത്ത് സ്‌റ്റിക്കറുകൾ ഒട്ടിക്കുമെന്നും ഡോ സന്ദീപ് പഥക് പറഞ്ഞു. മാർച്ച് 31ലെ ഇന്ത്യ ബ്ലോക്ക് റാലിയിൽ പങ്കെടുക്കുന്നവർ അവരുടെ വാഹനങ്ങളിൽ മെയിൻ ഭി കെജ്‌രിവാളിന്‍റെ സ്‌റ്റിക്കറുകൾ ഒട്ടിച്ചിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഎപി, കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്ന മാർച്ച് 31 ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ പ്രതിപക്ഷ ഇന്ത്യ ബ്ലോക്ക് 'മഹാ റാലി' നടത്തും. മാർച്ച് 31 ന് റാലി നടത്താൻ കെജ്‌രിവാളിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും അത് വിജയകരമായി പാർട്ടി നടപ്പാക്കുമെന്നും സന്ദീപ് പഥക് പറഞ്ഞു.
മാർച്ച് 31 ന് നടക്കുന്ന പ്രതിഷേധ റാലി വൻ വിജയമാക്കാൻ എല്ലാ കൗൺസിലർമാരുമായും മാർച്ച് 26 ന് എല്ലാ നിയമസഭ മണ്ഡലങ്ങളിലും മുന്നൊരുക്കങ്ങൾ നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മാർച്ച് 31 ന് രാംലീല മൈതാനത്ത് എത്തുമെന്ന് ഉറപ്പാക്കാൻ ഓരോ ബൂത്തിൽ നിന്നും 10 പേരെ ലക്ഷ്യമിട്ട് മാർച്ച് 27-28 തീയതികളിൽ എംഎൽഎമാരുമായും കൗൺസിലർമാരുമായും സോണൽ തല യോഗങ്ങൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം പാർട്ടി നേതാക്കളോട് അഭ്യർഥിച്ചു.
ഏകദേശം 14,000 ബൂത്തുകൾ ഉണ്ട്. ഓരോ ബൂത്തിൽനിന്നും 10 പേർ വീതം എത്തിയാൽ തന്നെ രാംലീല മൈതാനത്തെത്തുന്നവരുടെ എണ്ണം ഒന്നരലക്ഷം വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ സൂചകമായി മാർച്ച് 31 ന് നടക്കുന്ന റാലിയിൽ പാർട്ടി നേതാക്കളോടും സന്നദ്ധപ്രവർത്തകരോടും കൈയിൽ കറുത്ത റിബൺ കെട്ടാനും സന്ദീപ് പഥക് അഭ്യർഥിച്ചു.
അരവിന്ദ് കെജ്‌രിവാൾ രാജിവയ്‌ക്കരുതെന്ന് എല്ലാ സന്നദ്ധപ്രവർത്തകർക്കും വേണ്ടി താൻ അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജയിലിൽ അദ്ദേഹം സര്‍ക്കാരിനെ നയിക്കുമെന്നും സന്ദീപ് പഥക് വ്യക്തമാക്കി. കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌ത് പാർട്ടിയെ തകർക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയാണിതെന്നും എഎപി നേതാവ് ആരോപിച്ചു.
ഇനി യാചനയൊന്നും ഉണ്ടാകില്ലെന്നും, യുദ്ധമാകും ഉണ്ടാവുകയെന്നും സന്ദീപ് പഥക് മുന്നറിയിപ്പ് നല്‍കി. 'നേരത്തെ, ഞങ്ങൾക്ക് സിവിൽ ലൈനുകളിൽ നിന്നാണ് ഓർഡറുകൾ ലഭിച്ചിരുന്നത്, ഇപ്പോൾ ഞങ്ങൾക്ക് ജയിലിൽ നിന്ന് ആ ഓർഡറുകൾ ലഭിക്കുന്നു, ഞങ്ങൾ അവ പിന്തുടരും' -എന്നും അദ്ദേഹം പറഞ്ഞു.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്‌രിവാളിനെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) വ്യാഴാഴ്‌ച അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയിൽ നിന്ന് അറസ്‌റ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്‌ച കോടതി എഎപി ദേശീയ കൺവീനറെ മാർച്ച് 28 വരെ കേന്ദ്ര ഏജൻസിയുടെ കസ്‌റ്റഡിയിൽ വിട്ടു.