ന്യൂഡല്‍ഹി: സഖ്യ കക്ഷിയായ കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി ആം ആദ്‌മി പാര്‍ട്ടി ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ദക്ഷിണ ഗോവയിലെയും ഗുജറാത്തിലെ രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെയാണ് എഎപി പ്രഖ്യാപിച്ചിരിക്കുന്നത്. സീറ്റ് പങ്കാളിത്ത ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് നടപടി(Aam Aadmi Party).
ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളില്‍ ഒരു സീറ്റ് കോണ്‍ഗ്രസിന് വിട്ട് നല്‍കാമെന്നും എഎപി അറിയിച്ചിട്ടുണ്ട്. അതായത് ബാക്കിയുള്ള ആറ് സീറ്റുകളിലും തങ്ങളുടെ തന്നെ സ്ഥാനാര്‍ത്ഥികളാകും മത്സരിക്കുക എന്ന സൂചനയാണ് ഇതിലൂടെ എഎപി നടത്തിയിരിക്കുന്നത്(loksabha polls 2024 ).
എഎപി രാഷ്‌ട്രീയ കാര്യസമിതി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സന്ദീപ് പതക് ആണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. വെന്‍സി വെയ്‌ഗാസ് ദക്ഷിണ ഗോവയില്‍ നിന്ന് ജനവിധി തേടും. ഗുജറാത്തിലെ ബറൂച്ചിലെ സ്ഥാനാര്‍ത്ഥിയായി ചൈതര്‍ വാസവയെയും ഭാവ്നഗര്‍ സ്ഥാനാര്‍ത്ഥിയായി ഉമേഷ് ഭായി മക്വാനയെയും അദ്ദേഹം പ്രഖ്യാപിച്ചു(sandeep Pathak).
ദക്ഷിണ ഗോവയിലെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വെയ്‌ഗാസ് നിലവിലെ എംഎല്‍എ കൂടിയാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ഫ്രാന്‍സിസ്കോ സര്‍ദിന്‍ഹയാണ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് പങ്കാളിത്തത്തിന്‍റെ അടിസ്ഥാനത്തില്‍ ഗുജറാത്തിലെ 26 മണ്ഡലങ്ങളില്‍ എട്ട് സീറ്റുകളാണ് തങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും പതക്ക് വ്യക്തമാക്കി. ബാക്കിയുള്ള പതിനെട്ട് സീറ്റുകളിലും കോണ്‍ഗ്രസിന് ജനവിധി തേടാനാകും.
പഞ്ചാബിലെ പതിമൂന്ന് ലോക്‌സഭ സീറ്റുകളിലും എഎപി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചണ്ഡിഗഢ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ സീറ്റ് പങ്കിടല്‍ ചര്‍ച്ചകളിലും തങ്ങളുെട ആവശ്യങ്ങള്‍ ഇന്ത്യാ സഖ്യത്തില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന് ബറൂച്ച് മണ്ഡലത്തില്‍ കണ്ണുണ്ടായിരുന്നു. എന്നാല്‍ വംശീയ വാദമല്ല മറിച്ച് വിജയസാധ്യതയാണ് ബിജെപിക്കെതിരെ മത്സരിക്കുമ്പോള്‍ പരിഗണിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്തരിച്ച അഹമ്മദ് പട്ടേല്‍ 1984ല്‍ പ്രതിനിധീകരിച്ച ബറൂച്ച് സീറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് കേവലം വൈകാരികതയുടെ പേരിലാണ്. പട്ടേലിന്‍റെ മകള്‍ക്ക് മത്സരിക്കാനാണ് ഈ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ കുടുംബവാഴ്‌ചയ്ക്കല്ല മറിച്ച് വിജയസാധ്യതയ്ക്കാണ് ഊന്നല്‍ നല്‍കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സീറ്റ് പങ്കിടലിനായി കോണ്‍ഗ്രസുമായി കഴിഞ്ഞ മാസം എട്ടിനും പന്ത്രണ്ടിനും ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ രണ്ട് യോഗത്തിലും തീരുമാനമായില്ല. പിന്നീടിങ്ങോട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചയ്ക്ക് തയാറായിട്ടില്ല. അതിനാല്‍ ഗതികെട്ടാണ് തങ്ങള്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇന്ത്യാ സഖ്യത്തോടൊപ്പം ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രതിപക്ഷ മുന്നണി അംഗീകരിക്കുമെന്നാണ് കരുതുന്നത്. ഏപ്രില്‍ -മെയ് മാസങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കൂടിയ യോഗത്തില്‍ എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ അധ്യക്ഷനായി. കഴിഞ്ഞാഴ്‌ച അസമിലെ ഗുവാഹത്തി, സൊനിത്പൂര്‍, ദിബ്രുഗഡ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും എഎപി പ്രഖ്യാപിച്ചിരുന്നു.
ഇന്‍ഡി സഖ്യത്തെ വിജയിപ്പിക്കാന്‍ തങ്ങള്‍ ഏതറ്റം വരെയും പോകുമെന്നും എഎപി വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നതാണ് സഖ്യത്തിന്‍റെ കര്‍ത്തവ്യം. രാജ്യത്തിന് പുതിയൊരു തെരഞ്ഞെടുപ്പ് സാധ്യത കൂടി നല്‍കുക. സഖ്യത്തിന്‍റെ അടുത്ത സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ക്കുള്ള യോഗം എന്നാണെന്ന് യാതൊരു നിശ്ചയവും ഇല്ലാത്ത സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥികളെ ഏകപക്ഷീയമായി പ്രഖ്യാപിക്കേണ്ടി വരുന്നതെന്നും എഎപി വ്യക്തമാക്കി. ഇങ്ങനെ പോയാല്‍ തെരഞ്ഞെടുപ്പ് വിജയം അനായാസമാകില്ലെന്നും പതക് കൂട്ടിച്ചേര്‍ത്തു. ഇതാണ് തങ്ങളെ ഏറെ വിഷമിപ്പിക്കുന്നത്. ചര്‍ച്ചകള്‍ നടന്നിരുന്നെങ്കില്‍ ഇതിന്‍റെയൊന്നും ആവശ്യമുണ്ടാകില്ലായിരുന്നു. ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ഉടന്‍ തന്നെ ആറ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും എഎപി വ്യക്തമാക്കി.
എഎപിയും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് പങ്കാളിത്ത ചര്‍ച്ചകള്‍ ത്രിശങ്കുവിലായത് സഖ്യത്തെ ഉലയ്ക്കുന്നുണ്ട്. കഴിയും ജയസാധ്യതയും പരിഗണിച്ചാകും എഎപി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതും സീറ്റ് പങ്കിടുന്നതുമെന്നും പതക് വ്യക്തമാക്കി. മുന്‍ തെരഞ്ഞെടുപ്പുകളിലെ പ്രകടനവും മാനദണ്ഡമാക്കും.
Also Read: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ; എതിർപ്പ് അറിയിച്ച് എഎപി, നേതാക്കൾ രാംനാഥ് കോവിന്ദിനെ കണ്ടു