ന്യൂഡല്‍ഹി : രാജ്യം 75-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍. ന്യൂഡൽഹിയിലെ കർത്തവ്യ പഥില്‍ രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യം, ഐക്യം, പുരോഗതി എന്നിവയും സൈനിക ശക്തിയും പ്രദർശിപ്പിക്കുന്ന പരേഡ് അരങ്ങേറി. 'നാരീശക്തി'യായിരുന്നു ചടങ്ങിലെ മുഖ്യ ആകര്‍ഷണം. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോൺ മുഖ്യാതിഥിയായി.
* രാവിലെ 11.08
അഗ്നിവീരരും, വനിതകള്‍ അടങ്ങിയ ട്രൈ - സർവീസസ് സംഘവും കർത്തവ്യ പാതയിലൂടെ നീങ്ങി. ആദ്യമായാണ് ട്രൈ സർവീസ് വനിതാസൈനിക സംഘം കർത്തവ്യ പഥില്‍ മാർച്ച് ചെയ്യുന്നത്.
* രാവിലെ 11.08
20ാം ബറ്റാലിയനിലെ ലെഫ്റ്റനൻ്റ് സന്യം ചൗധരിയുടെ നേതൃത്വത്തിൽ രാജ്‌പുത്താന റൈഫിൾസ് മാർച്ചിംഗ് സംഘത്തിന്‍റെ പരേഡ്. 10 അർജുന അവാർഡുകൾ നേടിയ അപൂർവ നേട്ടമാണ് റെജിമെൻ്റിനുള്ളത്. സുബേദാർ നീരജ് ചോപ്രയും സുബേദാർ ദീപക് പുനിയയും ഒളിമ്പിക്‌സിലും ഏഷ്യൻ ഗെയിംസിലും രാജ്യത്തിന് പുരസ്‌കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
* രാവിലെ 11.06
ഇന്ത്യൻ ആർമിയുടെ ഏറ്റവും പഴയ കാലാൾപ്പട റെജിമെൻ്റായ മദ്രാസ് റെജിമെൻ്റ് കർത്തവ്യ പാതയിലൂടെ മാർച്ച് ചെയ്‌തു. 'സ്വധർണേ നിധാനം ശ്രേയഹ'- കടമ ചെയ്‌ത് മരിക്കുന്നത് മഹത്വമാണ് എന്നതാണ് അവരുടെ മുദ്രാവാക്യം.
* രാവിലെ 11.04
കരസേനയുടെ 11 ഇലക്ട്രോണിക് വാർഫെയർ ബറ്റാലിയനിലെ ലെഫ്റ്റനൻ്റ് കേണൽ അങ്കിത ചൗഹാൻ ആണ് 2024 റിപ്പബ്ലിക് ദിന പരേഡിൽ മൊബൈൽ ഡ്രോൺ ജാമർ സിസ്‌റ്റത്തിൻ്റെ ഡിറ്റാച്ച്മെൻ്റിന് നേതൃത്വം നൽകിയത്.
* രാവിലെ 10.59
കർത്തവ്യ പാതയിൽ റിപ്പബ്ലിക് ദിനത്തിൽ സുരക്ഷാ സേന ഉപയോഗിക്കുന്ന എല്ലാ ഭൂപ്രദേശ വാഹനങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.
* രാവിലെ 10.55
75-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 30 സംഗീതജ്ഞർ ഉൾപ്പെടുന്ന ഫ്രഞ്ച് ഫോറിൻ ലെജിയൻ്റെ സംഗീത സംഘം, ഫ്രഞ്ച് ഫോറിൻ ലെജിയൻ്റെ 2ാം ഇൻഫൻട്രി റെജിമെൻ്റിൽ നിന്നുള്ള മാർച്ചിംഗ് യൂണിറ്റിനൊപ്പം കര്‍ത്തവ്യ പാതയിൽ പരേഡ് ചെയ്‌തു. രണ്ട് റഫാൽ യുദ്ധവിമാനങ്ങൾ കർത്തവ്യ പാതയിൽ പറന്നുയര്‍ന്നു.
* രാവിലെ 10.50
മാർച്ച് പാസ്‌റ്റ് ആരംഭിക്കുമ്പോൾ,പരമവീര ചക്ര, അശോക് ചക്ര എന്നിവയുൾപ്പടെയുള്ള പരമോന്നത ധീര പുരസ്‌കാരങ്ങൾ നേടിയവരുടെ പേരുകള്‍ പ്രഖ്യാപിച്ചു.
*രാവിലെ 10.45
100ലധികം വനിതാസംഗീതജ്ഞരുടെ ഒരു സംഘം പരമ്പരാഗത ഇന്ത്യൻ സംഗീതോപകരണങ്ങൾ വായിക്കുന്നതിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന 'ആവാഹന'ത്തോടെയാണ് 2024-ലെ റിപ്പബ്ലിക് ദിന പരേഡ് കർത്തവ്യ പാതയിൽ ആരംഭിച്ചത്. ശംഖ്, നാദസ്വരം, നാഗദ, മറ്റ് വാദ്യങ്ങൾ എന്നിവയുടെ പ്രതിധ്വനിക്കുന്ന ശബ്‌ദത്തോടെയാണ് ഘോഷയാത്ര ആരംഭിച്ചത്.
*രാവിലെ 10.42
105 എംഎം ഇന്ത്യൻ ഫീൽഡ് ഗൺ ഉപയോഗിച്ച് 21 ഗൺ സല്യൂട്ട് നൽകി ദേശീയ പതാക ഉയർത്തി ദേശീയ ഗാനം ആലപിച്ചു. 105 ഹെലികോപ്റ്റർ യൂണിറ്റിൻ്റെ നാല് എംഐ -17 IV ഹെലികോപ്റ്ററുകൾ കർത്തവ്യ പാതയിൽ സദസ്സിന് നേരെ പുഷ്‌പവൃഷ്‌ടി നടത്തി.
* രാവിലെ 10.40
ന്യൂഡൽഹിയിലെ കർത്തവ്യ പാതയിൽ പ്രസിഡൻ്റ് ദ്രൗപതി മുർമു ദേശീയ പതാക ഉയർത്തി.
*രാവിലെ 10.34
പ്രസിഡൻ്റ് ദ്രൗപതി മുർമു, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം കർത്തവ്യ പാതയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുവരെയും സ്വാഗതം ചെയ്‌തു.
* രാവിലെ 10.20
രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതിയുടെ അംഗരക്ഷകൻ ദ്രൗപതി മുർമുവിന് സല്യൂട്ട് നൽകി. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ പ്രസിഡന്‍റ് മുർമുവിനൊപ്പാണ് കർത്തവ്യ പാതയിലേക്ക് നീങ്ങിയത്.
* രാവിലെ 10.10
ദേശീയ യുദ്ധസ്‌മാരകത്തിൽ രാഷ്ട്ര സേവനത്തിനായി ജീവൻ ബലിയർപ്പിച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലി അർപ്പിച്ചു.
* രാവിലെ 10.00
75-ാമത് റിപ്പബ്ലിക് ദിനത്തിൽ, അമേരിക്ക, ഇസ്രായേൽ, റഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ ഇന്ത്യക്ക് ആശംസകൾ നേർന്നു, ന്യൂഡൽഹിയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് അവര്‍ ആഹ്വാനം ചെയ്‌തു. ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി ഇന്ത്യയെ അഭിനന്ദിക്കുകയും മുന്നോട്ടുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് ഊന്നൽ നൽകുകയും ചെയ്‌തു.
*രാവിലെ 9.45
റിപ്പബ്ലിക് ദിനത്തിൽ രാഹുൽ ഗാന്ധി രാജ്യത്തിന് ആശംസകൾ നേർന്നു. “സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻ്റെ സ്വപ്‌നങ്ങളെ ഒന്നിപ്പിക്കുന്ന നമ്മുടെ മഹത്തായ ഭരണഘടന ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ ആത്മാവാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ സംരക്ഷണവും അനശ്വര സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള യഥാർത്ഥ ആദരവാണ്. റിപ്പബ്ലിക് ദിന ആശംസകൾ. ജയ് ഹിന്ദ്" - അദ്ദേഹം 'എക്‌സിൽ' പോസ്‌റ്റ് ചെയ്‌തു.
*രാവിലെ 9.35
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലെ ജനങ്ങൾക്ക് റിപ്പബ്ലിക് ദിനാശംസകൾ നേര്‍ന്നു. ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
*രാവിലെ 9.30
75-ാമത് റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് ആശംസകൾ നേർന്നു. “75-ാം റിപ്പബ്ലിക് ദിനത്തിൻ്റെ പ്രത്യേക അവസരത്തിൽ ആശംസകൾ. ജയ് ഹിന്ദ്! ” - പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.