ഇറ്റാ(യുപി); ഉത്തർപ്രദേശിൽ കാണാതായ ഏഴുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തിരച്ചിലിൽ കടുക് പാടത്താണ് മൃതദേഹം കണ്ടെത്തിയത് (7 Year- Old Girl's Body Found In Mustard Field In UP). മൃതദേഹം കണ്ടെത്തുന്നതിന് ഒരു ദിവസം മുൻപാണ് കുട്ടിയെ കാണാതായത്. കുട്ടി ബലാത്സംഗത്തിനിരയായതായി കുടുംബം ആരോപിക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴുത്തു ഞരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് സീനിയർ സൂപ്രണ്ട് രാജേഷ് കുമാർ സിങ് അറിയിച്ചു.
കോട്വാലി ദേഹത്ത് പൊലീസ് സ്റ്റേഷനിൽ ശനിയാഴ്‌ച രാത്രിയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചത്. കൂട്ടുകാരോടൊപ്പം ഉച്ചയ്ക്ക് കളിയ്ക്കാൻ പുറത്തു പോയ കുട്ടി ഏറെ നേരം വൈകിയും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെ തെരച്ചിൽ ആരംഭിക്കുകയായിരുന്നെന്ന് എസ്എസ്‌പി പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താൻ നാല് ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്നും പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും എസ്എസ്‌പി അറിയിച്ചു.