ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ഹരിയാന, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഡല്‍ഹി ഒഡീഷ, ഝാര്‍ഖണ്ഡ്, ജമ്മു കശ്‌മീര്‍- എട്ട് സംസ്ഥാനങ്ങളിലായി 58 ലോക്‌സഭ മണ്ഡലങ്ങളാണ് ശനിയാഴ്‌ച ആറാം ഘട്ടത്തില്‍ പോളിങ്ങ് ബൂത്തിലേക്ക് നീങ്ങുന്നത്.
കഴിഞ്ഞ തവണത്തെ പൊതു തെരഞ്ഞെടുപ്പില്‍ ഈ 58 സീറ്റുകളില്‍ 45 എണ്ണവും നേടിയത് എന്‍ഡിഎയായിരുന്നു. ഇതില്‍ പല സീറ്റുകളിലും ഇത്തവണ കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ട്. ഹരിയാനയില്‍ 2019 ല്‍ ബിജെപി പത്തില്‍ പത്തും നേടി ശക്തമായ പ്രകടനം കാഴ്‌ച വച്ചിരുന്നു.
ഇത്തവണ ഹരിയാനയിലെ മിക്ക സീറ്റുകളിലും ശക്തമായ ത്രികോണ - ചതുഷ്കോണ മല്‍സരം നടക്കുകയാണ്. ബംഗാളില്‍ കഴിഞ്ഞ തവണ ബിജെപി ജയിച്ച അഞ്ച് സീറ്റുകളടക്കം എട്ട് സീറ്റിലാണ് ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ്. ബീഹാറില്‍ എന്‍ഡി എ സഖ്യം ജയിച്ച എട്ട് സീറ്റുകളിലാണ് വോട്ടെടുപ്പ്.
ഡല്‍ഹിയിലും ബിജെപിയുടെ തേരോട്ടം കണ്ട ഏഴ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ബിജെപിയും ബിജെഡിയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന പുരി സാംബല്‍പൂര്‍, കട്ടക്ക്, ഭുവനേശ്വര്‍ മണ്ഡലങ്ങളിലെ പോരാട്ടം ഒഡീഷയിലും ശ്രദ്ധേയമാണ്. ഉത്തര്‍ പ്രദേശില്‍ ബിഎസ്‌പി നേടിയ നാല് സീറ്റുകളിലും അഖിലേഷ് യാദവ് വിജയിച്ച അസംഗഡിലും ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നു. ഹരിയാനയിലെ ഏതാനും മണ്ഡലങ്ങളിലുണ്ടായേക്കാവുന്ന നഷ്‌ടം ഉത്തര്‍ പ്രദേശിലും ഒഡീഷയിലും നികത്താനാവുമെന്നാണ് ബിജെപി പ്രതീക്ഷ.
ബിജെപി നേതാക്കളായ മനേകാ ഗാന്ധി, ജഗദംബികാ പാല്‍, പ്രവീണ്‍കുമാര്‍ നിഷാദ് എന്നിവര്‍ ഉത്തര്‍പ്രദേശിലും, മനോഹര്‍ലാല്‍ ഖട്ടര്‍, റാവു ഇന്ദ്രജിത് സിങ്ങ്, നവീന്‍ജിന്‍ഡാല്‍ എന്നിവര്‍ ഹരിയാനയിലും ആറാം ഘട്ടത്തില്‍ ജനവിധി തേടുന്നു.
കോണ്‍ഗ്രസ് നിരയില്‍ കുമാരി ഷെല്‍ജ, ദീപേന്ദ്രസിങ്ങ്ഹൂഡ,രാജ് ബബ്ബാര്‍ എന്നിവര്‍ ഹരിയാനയില്‍ മല്‍സരിക്കുന്നു. ഐഎന്‍എല്‍ഡിക്കു വേണ്ടി അഭയ് സിങ്ങ് ചൗതാലയും ജനവിധി തേടുന്നു. ഡല്‍ഹിയില്‍ കനയ്യ കുമാര്‍( കോണ്‍ഗ്രസ്), മനോജ് തിവാരി(ബിജെപി), സോംനാഥ് ഭാരതി (എഎപി), ബാംസുരി സ്വരാജ് (ബിജെപി)എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍.
ഒഡീഷയില്‍ കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, സംബിത് പാത്ര, ഭര്‍തൃഹരി മഹാതാപ് എന്നിവര്‍ ബിജെപിക്കു വേണ്ടി കളത്തിലിറങ്ങുന്നു. ജമ്മുവില്‍ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്‌തി ആറാം ഘട്ടത്തില്‍ മല്‍സരരംഗത്തിറങ്ങുന്നു. ബീഹാറില്‍ രാധാമോഹന്‍ സിങ്ങ്, സഞ്ജയ് ജയ്‌സ്വാള്‍ എന്നിവര്‍ ബിജെപിക്കു വേണ്ടി മല്‍സരരംഗത്തിറങ്ങുന്നു.
Also Read:ബൂത്തിലെത്തി ബോളിവുഡ് താര നിര;മുംബൈയിൽ വോട്ട് രേഖപ്പെടുത്തി ചലച്ചിത്രതാരങ്ങൾ