പൂനെ (മഹാരാഷ്‌ട്ര) : പൂനെയിലെ മാവൽ താലൂക്കിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ 24കാരന് വധശിക്ഷ. പൂനെയിലെ സെഷൻസ് കോടതിയാണ് മാവൽ താലൂക്കിലെ കാംഷേട്ട് സ്വദേശിയായ പ്രതിയെ വെള്ളിയാഴ്‌ച വധശിക്ഷയ്‌ക്ക് വിധിച്ചത്.
2022 ഓഗസ്റ്റിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തന്‍റെ വീടിൻ്റെ മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയുടെ വീട്ടുമുറ്റത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ പ്രതിയുടെ അമ്മയേയും കോടതി ശിക്ഷിച്ചു. തെളിവ് മറച്ചുവയ്‌ക്കുകയും വിവരം പൊലീസിൽ അറിയിക്കാതിരിക്കുകയും ചെയ്‌തതിന് ഇവരെ 7 വർഷം തടവിനാണ് ശിക്ഷിച്ചത്. അതേസമയം അന്വേഷണത്തിൽ, രണ്ട് പ്രതികളും കുറ്റം സമ്മതിച്ചെങ്കിലും പിന്നീട് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ നിഷേധിച്ചു.
എന്നാൽ പ്രോസിക്യൂഷൻ സമർപ്പിച്ച എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് സംശയാതീതമായി തെളിഞ്ഞതായി പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് കവേദിയ പറഞ്ഞു. പ്രതി കുട്ടിയുടെ മൃതദേഹം വീടിന് പിന്നിലെ മരത്തിന് താഴെയുള്ള കുഴിയിൽ മറയ്‌ക്കാൻ ശ്രമിച്ചുവെന്നും മകനെ രക്ഷിക്കാൻ അമ്മ കൂട്ടുനിന്നുവെന്നും കവേദിയ വ്യക്തമാക്കി.
പ്രതി അനിയന്ത്രിതമായ, നിരന്തരമായ ലൈംഗിക ചിന്തകളിൽ മുഴുകിയിരിക്കുന്ന ആളാണെന്നും കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നതിന് അടിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേഗത്തിലുള്ള വിചാരണ നടത്തിയതിന് പബ്ലിക് പ്രോസിക്യൂട്ടറും മുതിർന്ന അഭിഭാഷകനുമായ രാജേഷ് കവേദിയ കോടതിയോട് നന്ദിയും രേഖപ്പെടുത്തി.
2022 ഓഗസ്റ്റിലാണ് പൂനെ റൂറൽ പൊലീസിൻ്റെ കീഴിലുള്ള കാംഷേത് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തത്. 2022 ഒക്‌ടോബറിൽ കേസിൽ വിചാരണ ആരംഭിച്ചു. കുറ്റപത്രം സമർപ്പിച്ച് വെറും 8 മാസത്തിനുള്ളിൽ തന്നെ 29 സാക്ഷികളെ വിസ്‌തരിക്കാനായി. ഏകദേശം ഒരു വർഷവും ഏഴ് മാസവും കൊണ്ടാണ് പ്രതി ശിക്ഷിക്കപ്പെട്ടത്.
'ലൈംഗിക താൽപ്പര്യമുള്ള, കഠിനനും ക്രൂരനുമായ ഒരു വ്യക്തിയുടെ ഏറ്റവും ഹീനവും ക്രൂരവും പ്രാകൃതവുമായ പ്രവൃത്തികളിൽ ഒന്നാണ് ഈ കുറ്റകൃത്യം' എന്ന് സെഷൻസ് കോടതി ഉത്തരവിൽ പറഞ്ഞു. പൂനെ സെഷൻസ് കോടതിയിലെ അഡിഷണൽ സെഷൻസ് കോടതി ജഡ്‌ജി ബിപി ക്ഷീർസാഗറാണ് കേസിൽ വിചാരണ നടത്തിയത്. അതേസമയം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതികരിച്ച പ്രതിഭാഗം അഭിഭാഷകൻ അഡ്വക്കേറ്റ് യശ്‌പാൽ പുരോഹിത് പ്രതിക്ക് വേണ്ടി മേൽക്കോടതിയെ സമീപിക്കുമെന്നും അറിയിച്ചു.