കാൺപൂർ (ഉത്തർപ്രദേശ്) : സ്‌കൂളിന് മുൻപിൽ പ്രവർത്തിക്കുന്ന മദ്യശാല നീക്കം ചെയ്യണമെന്ന ആവശ്യവുമായി അഞ്ച് വയസുകാരൻ കോടതിയെ സമീപിച്ചു. തന്‍റെ സ്‌കൂളിന് മുൻപിൽ പ്രവർത്തിക്കുന്ന മദ്യശാല അവിടെ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അഞ്ച് വയസുള്ള വിദ്യാർഥി അലഹബാദ് ഹൈക്കോടതിയിൽ (Allahabad High Court) പൊതുതാൽപര്യ ഹർജി നൽകിയത്. പിതാവിന്‍റെ സഹായത്തോടെയാണ് വിദ്യാർഥിയുടെ ഹർജി.
കാൺപൂറിലെ ആസാദ് നഗറിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിയായ ഹർജിക്കാരൻ തന്‍റെ സ്‌കൂളിന് മുൻപിൽ മദ്യശാല ഉള്ളതിനാൽ എപ്പോഴും അവിടെ ആളുകൾ മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നു.
കാൺപൂർ നഗരത്തിൽ സ്‌കൂൾ നിലവിൽ വന്നതിന് ശേഷം എന്തിനാണ് മദ്യശാല നടത്തിപ്പിനായുള്ള ലൈസൻസ് പുതുക്കി നൽകുന്നതെന്ന കാര്യത്തിൽ അധികൃതരോട് പ്രതികരണം തേടാൻ ഹൈക്കോടതി വെള്ളിയാഴ്‌ച (23-02-2023) സംസ്ഥാന സർക്കാർ അഭിഭാഷകനോട് ആവശ്യപ്പെട്ടു.
ജസ്റ്റിസ് മനോജ് കുമാർ ഗുപ്‌ത, ജസ്റ്റിസ് ക്ഷിതിജ് ശൈലേന്ദ്ര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേസിന്‍റെ അടുത്ത വാദം കേൾക്കുന്നതിനായി മാർച്ച് 13 ന് പൊതുതാൽപര്യ ഹർജി ലിസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു.
മദ്യഷാപ്പുകൾ തല്ലിതകർത്ത് സ്‌ത്രീകൾ : ഉത്തർപ്രദേശിലെ ആഗ്രയിലെ ബിലാസ്‌പൂരിൽ കഴിഞ്ഞ ദിവസം ഒരു കൂട്ടം സ്‌ത്രീകൾ മദ്യക്കച്ചവടക്കാർക്കെതിരെ സംഘടിച്ച് മദ്യഷാപ്പുകൾ തല്ലിതകർത്ത വാർത്ത പുറത്തുവന്നിരുന്നു.
മദ്യത്തിന്‍റെയും ബിയറിന്‍റെയും കച്ചവട കേന്ദ്രമായ ബിലാസ്‌പൂരിൽ പകലും രാത്രിയുമായി ആളുകൾ തമ്പടിക്കുകയും മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് വടിയും, തടയുമായെത്തിയ സ്ത്രീകൾ മദ്യഷാപ്പുകൾ തല്ലിതകർത്തത്. മദ്യം സംഭരിച്ചിരുന്ന പെട്ടികള്‍ തീയിട്ട് നശിപ്പിക്കുകയും, മദ്യക്കച്ചവട-നിര്‍മാണ കേന്ദ്രങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്‌തു. മദ്യപാനത്തിലേക്ക് യുവാക്കൾ കടന്നുപോകുന്നതിലും, മദ്യത്തിന് അടിമയായി പുരുഷൻമാർ ജോലിക്ക് പോകാത്തതിലും പ്രതിഷേധിച്ച് ഇതിന് മുമ്പും സ്‌ത്രീകള്‍ ഇത്തരം പ്രതിഷേധങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്.