പോർബന്തർ : ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, ഇന്ത്യൻ നാവികസേന, എൻസിബി എന്നിവയുടെ സംയുക്ത ഓപ്പറേഷനില്‍ 3,300 കിലോ മയക്കുമരുന്ന് പിടികൂടി. കടലിലൂടെ ബോട്ടില്‍ കടത്തുകയായിരുന്ന ലഹരിമരുന്നാണ് പ്രത്യേക ദൗത്യസംഘം പിടിച്ചെടുത്തത് (3,300 Kg Of Drugs Seized). സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പാകിസ്ഥാൻ അല്ലെങ്കിൽ ഇറാനിൽ നിന്നുള്ളവരെന്ന് സംശയിക്കുന്ന അഞ്ച് പേരെ ബോട്ടില്‍ നിന്ന് പിടികൂടി. പാകിസ്ഥാനുമായുള്ള അന്താരാഷ്‌ട്ര സമുദ്രാതിർത്തി രേഖയ്ക്ക് സമീപത്തുനിന്നുമാണ് ബോട്ട് പിടികൂടിയത്. 3,089 കിലോഗ്രാം ചരസ്, 158 കിലോ മെത്താംഫെറ്റാമിൻ, 25 കിലോഗ്രാം മോർഫിൻ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
"ഇന്ത്യൻ നാവികസേന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുമായി ചേർന്ന് നടത്തിയ പരിശോധനയിൽ 3300 കിലോഗ്രാം മയക്കുമരുന്ന് (3089 കിലോഗ്രാം ചരസ്, 158 കിലോഗ്രാം മെത്താംഫെറ്റാമിൻ 25 കിലോഗ്രാം മോർഫിൻ) വഹിക്കുന്ന ബോട്ട് പിടികൂടി. അടുത്ത കാലത്തായി നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്'' - നാവികസേന വക്താവ് എക്‌സില്‍ കുറിച്ചു.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യൻ നേവി വിന്യസിച്ച യുദ്ധക്കപ്പൽ സംശയാസ്‌പദമായി കാണപ്പെട്ട ബോട്ടിനെ നിരീക്ഷിച്ച് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രസ്‌തുത നിരോധിത വസ്‌തുക്കളുടെ വില എത്രയാണെന്ന് ഉദ്യോഗസ്ഥർ കണക്കാക്കി വരുന്നതേയുള്ളൂ. രാജ്യാന്തര വിപണിയിൽ ഒരു കിലോ ചരസിന് ഏഴുകോടി രൂപയാണ് വില.