ബീജാപൂർ : ഛത്തീസ്‌ഗഢിലെ ബിജാപൂർ ജില്ലയിൽ 30 നക്‌സലൈറ്റുകൾ പൊലീസില്‍ കീഴടങ്ങി. സര്‍ക്കാര്‍ തലയ്ക്ക് വില പ്രഖ്യാപിച്ച ഒമ്പത് പേർ ഉൾപ്പെടെ 30 നക്‌സലൈറ്റുകളാണ് കീഴടങ്ങിയത്. ബിജാപൂർ പൊലീസ് സൂപ്രണ്ടിന്‍റെ ഓഫീസിൽ പൊലീസിനും സിആർപിഎഫ് ഉദ്യോഗസ്ഥർക്കും മുന്നിൽ നക്‌സലൈറ്റുകൾ ആയുധം താഴെ വെച്ചതായി പൊലീസ് പറഞ്ഞു.
ഛത്തീസ്‌ഗഢിലെ സർക്കാരിന്‍റെ പുനരധിവാസ നയത്തിൽ ആകൃഷ്‌ടരായാണ് ഇവർ കീഴടങ്ങിയത് എന്നും പൊലീസ് അറിയിച്ചു. മാവോയിസ്റ്റ് പ്രത്യയശാസ്‌ത്രത്തില്‍ അവര്‍ക്ക് നിരാശയുണ്ടെന്ന് പൊലീസിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കീഴടങ്ങിയ നക്‌സലൈറ്റുകൾക്ക് പുനരധിവാസനയ പ്രകാരം 25,000 രൂപ വീതം ക്യാഷ് ഇൻസെന്‍റീവ് നൽകിയിട്ടുണ്ട്.
സര്‍ക്കാര്‍ തലയ്ക്ക് എട്ട് ലക്ഷം വിലയിട്ട, സരിത എന്ന മിത്കി കകേം (35), മുറി മുഹന്ദ എന്ന സുഖ്‌മതി (32) എന്നിവരും അഞ്ച് ലക്ഷം രൂപ വിലയിട്ട രജിത വെട്ടി എന്ന രമേ (24), ദേവെ കോവാസി (24), ചിന്ന എന്ന സീനു പദം (27), ആയിത സോധി (22), ഒരു ലക്ഷം രൂപ വിലയിട്ട കരം (50), മുന്ന ഹേംല എന്ന ചന്തു (35), ആയ്‌തു മീഡിയം എന്ന വർഗേഷ് (38) എന്നിവരും കീഴടങ്ങിയവരില്‍ ഉള്‍പ്പെടുന്നു. ബാക്കിയുള്ള 21 നക്‌സ്‌ലൈറ്റുകൾ 19 നും 45 നും ഇടയിൽ പ്രായമുള്ളവരാണെന്നും പൊലീസ് അറിയിക്കുന്നു.
സംസ്ഥാനത്ത് നക്‌സലൈറ്റുകൾക്കെതിരെ ശക്തമായ നടപടി സുരക്ഷ സേനയും പൊലീസും ചേര്‍ന്ന് ആരംഭിച്ചിട്ടുണ്ട്. ഡിആര്‍ജി, ബസ്‌തർ ഫൈറ്റർ, എസ്‌ടിഎഫ്, കോബ്ര, സിആര്‍പിഎഫ് ടീമുകൾ ഇവിടെ തുടർച്ചയായ നക്‌സൽ വിരുദ്ധ ഓപ്പറേഷൻ നടത്തുന്നുണ്ട്.