ന്യൂഡൽഹി: നാല് യുവാക്കൾ ചേര്‍ന്ന് 22കാരനെ കുത്തിക്കൊന്ന കേസില്‍ മൂന്ന് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു. പിയൂഷ് പാണ്ഡെ, രചിത് രാജ്‌പുത്, രാഘവ് മിത്തൽ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ഇവര്‍ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു. നാലാമത്തെ പ്രതിയെ പിടികൂടാൻ അന്വേഷണം ഊര്‍ജിതമാണ്.
തിങ്കളാഴ്‌ച (ജൂലൈ15) രോഹിണിയിലെ സെക്‌ടർ-16 ൽ റോഡരികിൽ അബോധാവസ്ഥയിൽ പരിക്കേറ്റ നിലയില്‍ യുവാവിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ബിഎസ്എ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിഎസ് കെഎൻകെ മാർഗിലെ ജീവനക്കാരാണ് യുവാവിനെ കണ്ടെത്തിയ വിവരം പൊലീസില്‍ അറിയിച്ചത്.
മരിച്ചയാളുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നേരത്തെ മകന്‍റെ ജീവന് ഭീഷണി ഉണ്ടായിരുന്നു എന്ന് പൊലീസ് മനസിലാക്കിയത്. മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ചില ആൺകുട്ടികളെക്കുറിച്ച് അമ്മ വിവരം നല്‍കി. തുടര്‍ന്നുളള അന്വേഷണത്തില്‍ പ്രതികൾ ചുവന്ന കാറിലാണ് കൊലപാതകം നടത്താൻ എത്തിയതെന്ന് മനസിലായി.
സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കാര്‍ കണ്ടെത്തുകയും രജിസ്ട്രേഷൻ നമ്പർ തിരിച്ചറിയുകയും ചെയ്‌തതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളിലേക്ക് പൊലീസ് എത്തിയത്. ചോദ്യം ചെയ്യലിൽ, മരിച്ചയാളുമായി തങ്ങൾക്ക് മുൻ വൈരാഗ്യമുണ്ടായിരുന്നെന്നും പ്രതികാരം ചെയ്യാൻ തങ്ങൾ ആഗ്രഹിച്ചിരുന്നതായും പ്രതികള്‍ വെളിപ്പെടുത്തി.