നിസാമാബാദ് (തെലങ്കാന) : ഇരട്ടകൾ എന്നു പറയുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം ഓർമയിലെത്തുന്ന ഒരു സംഭാഷണമുണ്ട്. 'പേനകൊണ്ടു ഞാൻ കവിളിൽ കറുത്ത മറുകിട്ടിരിക്കുന്ന ഇവനാണ് അപ്പു, മറുകില്ലാത്തവൻ അച്ചു.' അണ്ണൻ തമ്പി എന്ന ചിത്രത്തിലെ സലീം കുമാറിന്‍റെ ഈ സംഭാഷണം കേൾക്കാത്ത മലയാളികൾ കുറവായിരിക്കും. സലീം കുമാർ കറുത്ത മറുകിട്ട് അച്ചുവിനെയും അപ്പുവിനെയും തിരിച്ചറിയുമ്പോൾ 19 ഇരട്ടജോഡികളെ തിരിച്ചറിയാൻ പാടുപെടുകയാണ് തെലങ്കാനയിലെ വിക്‌ടറി സ്‌കൂളിലെ അധ്യാപകർ.
കാഴ്‌ചയിൽ ഒരു പോലെ രൂപ സാദൃശ്യം, പഠനത്തിൽ ഒരുമിച്ച്, എന്നാൽ അവർ രണ്ടാണ്. നിസാമാബാദ് ജില്ലയിലെ ചന്ദൂർ മണ്ഡല്‍ സെന്‍ററിലെ വിക്‌ടറി സ്‌കൂൾ ഇരട്ടകളാൽ കൗതുകമുണർത്തുകയാണ്. ഒന്നല്ല രണ്ടല്ല 19 ജോഡി ഇരട്ടകൾ. എൽകെജി മുതൽ 9-ാം ക്ലാസ്‌വരെ ആ പട്ടിക നീളും. ഒരേ മുഖം രണ്ട് തവണ കാണുമ്പോൾ ആരാണെങ്കിലും ആശയകുഴപ്പത്തിലാകും. 38 ഇരട്ട കുട്ടികളുളള വിക്‌ടറി സ്‌കൂളിലെ സഹപാഠികൾക്കും അധ്യാപകർക്കും ഇതേ ആശയകുഴപ്പമുണ്ടാവാറുണ്ട്.
ഈ അപൂർവ കാഴ്‌ച കാണാനുളള അവസരം ഇടിവി ഭാരതും പാഴാക്കിയില്ല. വണ്ടി നേരെ വിട്ടു അങ്ങ് നിസാമാബാദിലേക്ക്. അതും വികടറി സ്‌കൂളിൽ സംഘടിപ്പിച്ച ഇരട്ടക്കുട്ടികളുടെ ദിനത്തോടനുബന്ധിച്ച്. വിക്‌ടറി സ്‌കൂളിന്‍റെ മുറ്റത്തേക്ക് കടന്നാൽ പിന്നെ ഒരേ മുഖമുളളവർ രണ്ട് തവണ കണ്ണിൽപ്പെട്ടേക്കാം. രണ്ടും തമ്മിൽ മാറിപോകും.
നീലയും മഞ്ഞയും ചുവപ്പും അങ്ങനെ വ്യത്യസ്‌ത നിറത്തിലുളള കൊച്ചുടുപ്പുകൾ ധരിച്ച് ആ 38 കൊച്ചു പൂക്കൾ സ്‌കൂൾ അങ്കണത്തിലിരിക്കുമ്പോൾ അതൊരു കൗതുക കാഴ്‌ചയായി മാറി. 38 ഇരട്ടകൾ തങ്ങളുടെ സ്‌കൂളിൽ പഠിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് സ്‌കൂൾ മാനേജ്‌മെൻ്റ് പ്രതിനിധി കൊടലി രാമചന്ദ്ര റാവു പറഞ്ഞു.