ന്യൂഡൽഹി : നാളെ നടക്കുന്ന മോദി മന്ത്രിസഭയുടെ സത്യ പ്രതിജ്ഞ ചടങ്ങുകളോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ വന്‍ ഗതാഗത നിയന്ത്രണം. ഇതിനായി 1,100 ട്രാഫിക് പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ട്രാഫിക് നിയന്ത്രണം സംബന്ധിച്ച് പൊതുജനങ്ങൾക്ക് ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
പ്രതിനിധികൾക്കായി റൂട്ട് ക്രമീകരണം ചെയ്യുകയും ചെയ്‌തു. ട്രാഫിക് അധികൃതര്‍ എല്ലാ പരിശീലനങ്ങളും പൂര്‍ത്തിയാക്കി. നരേന്ദ്ര മോദി ജൂൺ ഒന്‍പതിന് തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് രാഷ്‌ട്രപതി ഭവൻ വെള്ളിയാഴ്‌ച അറിയിച്ചു.
നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ ഒന്‍പതിന് വൈകുന്നേരം 7.15 ന് സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹത്തോടൊപ്പം മന്ത്രിസഭ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വിശിഷ്‌ടാതിഥികളായി നിരവധി നേതാക്കളെയും അയൽരാജ്യങ്ങളിലെയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെയും രാജ്യ തലവൻമാരെയും ക്ഷണിച്ചിട്ടുണ്ട്. ഇത് ഇന്ത്യയുടെ 'അയൽപക്കത്തിന് ആദ്യം' എന്ന നയത്തിന്‍റെ തെളിവാണെന്ന് രാഷ്‌ട്രപതി ഭവൻ വ്യക്തമാക്കിയിരുന്നു.
ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ, മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു, സീഷെൽസ് വൈസ് പ്രസിഡന്‍റ് അഹമ്മദ് അഫീഫ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, പ്രധാനമന്ത്രി എന്നിവരോട് വിദേശകാര്യ മന്ത്രാലയം (എംഇഎ) ശനിയാഴ്‌ച ഒരു ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു. മൗറീഷ്യസ് മന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്ത്, നേപ്പാൾ പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹൽ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ എന്നിവർ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിനു പുറമെ, അതേ വൈകുന്നേരം രാഷ്ട്രപതി ഭവനിൽ പ്രസിഡൻ്റ് ദ്രൗപതി മുർമു സംഘടിപ്പിക്കുന്ന വിരുന്നിലും നേതാക്കൾ പങ്കെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം സൂചിപ്പിച്ചു.
ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 543 സീറ്റുകളിൽ ബിജെപിക്ക് 240 സീറ്റുകളും എൻഡിഎ 292 സീറ്റുകളും നേടി. ഇന്ത്യ ബ്ലോക്ക് 233 സീറ്റുകൾ നേടി. മറ്റുള്ളവർ 18 സീറ്റുകൾ നേടിയിട്ടുണ്ട്. കോൺഗ്രസ് 99 സീറ്റുകൾ നേടി. സമാജ്‌വാദി പാർട്ടിക്ക് 37 സീറ്റും തൃണമൂൽ കോൺഗ്രസിന് 29ഉം ഡിഎംകെ 22 സീറ്റും നേടി.
Also Read: അണ്ണാമലയെപ്പോലുള്ള നേതാക്കൾ ബിജെപിയിൽ ഉണ്ടായാൽ പാർട്ടി തോൽക്കും; വിമര്‍ശിച്ച് എടപ്പാടി കെ പളനിസ്വാമി