ഹൈദരാബാദ് : ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലാണ്. ഏഴാം ഘട്ടത്തില്‍ മത്സരരംഗത്തുള്ള സ്ഥാനാർഥികൾ വോട്ടർമാരെ ആകർഷിക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ്. ജൂൺ ഒന്നിനാണ് ഏഴാംഘട്ട വോട്ടെടുപ്പ്. ഇതിനിടെ ബിഹാറിലെ ഒരു കുടുംബം ശ്രദ്ധാകേന്ദ്രമാവുകയാണ്. ഈ കുടുംബത്തിൽ 165 അംഗങ്ങളാണുള്ളത്. വോട്ടിനായി കുടുംബാംഗങ്ങളെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥികളും അവരുടെ അനുയായികളും.
ചന്ദേൽ കുടുംബാംഗങ്ങൾ : പട്‌ന നഗരത്തിലെ ചന്ദേൽ നിവാസില്‍ 165 പേരാണ് താമസിക്കുന്നത്. 110 വോട്ടർമാരാണ് ഈ കുടുംബത്തിലുള്ളത്. ഇത്തവണ ഈ കുടുംബത്തിലെ നാല് ആൺകുട്ടികൾക്കും ആറ് പെൺകുട്ടികൾക്കും വോട്ടവകാശം ലഭിച്ചു. ഇവരെല്ലാം വിദ്യാസമ്പന്നരും രാഷ്‌ട്രീയബോധമുള്ളവരുമാണ്. ഏത് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യുന്നതിനുമുമ്പ് അവർ രാഷ്ട്രീയം ചർച്ച ചെയ്യാറുണ്ട്. അതിനുശേഷം, 70 മുതൽ 80 ശതമാനം വരെ ആളുകൾ സമവായത്തിലെത്തി ഒരു സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യുന്നു. എന്നാൽ, ഇതിനോട് വിയോജിക്കുന്നവർ അവരുടെ ഇഷ്‌ടസ്ഥാനാർഥിക്ക് വോട്ട് ചെയ്യും.
ചന്ദേൽ കുടുംബമെന്ന 'വോട്ട് ബാങ്ക്' : പ്രാദേശിക നേതാക്കൾ ചന്ദേൽ കുടുംബത്തെ വോട്ടുബാങ്കായാണ് കണക്കാക്കുന്നത്. തൽഫലമായി, തെരഞ്ഞെടുപ്പ് സമയത്ത്, സ്ഥാനാർഥികളുടെ അനുയായികൾ അവരുടെ നേതാവിന് വേണ്ടി ചന്ദേൽ കുടുംബത്തെ ആകർഷിക്കാനുള്ള ശ്രമത്തിലാണ്.
"വോട്ട് ചെയ്യുന്നതിന് മുമ്പ് ഒരാൾ കുടുംബത്തിന്‍റെ അഭിപ്രായം എടുക്കും. പക്ഷേ, എൻ്റെ വോട്ട് വികസനത്തിനാണ്. ഇവിടെ വിലക്കയറ്റം, തൊഴിലില്ലായ്‌മ പോലുള്ള പ്രശ്‌നങ്ങളുണ്ട്. മാത്രമല്ല റോഡ് വളരെ മോശമാണ്. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ പ്രശ്‌നങ്ങളുണ്ട്," ചന്ദേൽ കുടുംബാംഗമായ കൽപ്പന സിങ് പറഞ്ഞു.
താൻ പരമ്പരാഗത രീതി പിന്തുടരുമെന്നും കുടുംബം പറയുന്നവർക്ക് വോട്ട് ചെയ്യുമെന്നും ചന്ദേൽ കുടുംബത്തിലെ മറ്റൊരു അംഗം സുമൻ സിങ് വ്യക്തമാക്കി. വിദ്യാഭ്യാസത്തിനാണ് തൻ്റെ മുൻഗണനയെന്ന് ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങുന്ന അനുഷ്‌ക കുമാരി പറഞ്ഞു. ബിഹാറിലെ വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താൻ സർക്കാർ തീവ്രശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം. അതുപോലെ തന്നെ, സ്‌കൂളുകളുടെ അവസ്ഥ മുമ്പത്തേക്കാൾ മികച്ചതായിട്ടുണ്ട് - അനുഷ്‌ക കുമാരി കൂട്ടിച്ചേർത്തു. നിലവിലെ സർക്കാർ സ്ത്രീ സുരക്ഷയ്ക്കായി വളരെയധികം കാര്യങ്ങൾ ചെയ്‌തിട്ടുണ്ടെന്ന് മറ്റൊരു അംഗം ആഭ സിങ് പറഞ്ഞു.
'പ്രാദേശിക പ്രശ്‌നങ്ങൾക്ക് മുൻഗണന' : വിജയിച്ചുപോയാല്‍ പിന്നെ പ്രാദേശിക ജനപ്രതിനിധികള്‍ എത്താത്തത്, തകർന്ന റോഡുകൾ, തകർന്ന ഡ്രെയിനേജ് ലൈനുകൾ, മോശം ശുചീകരണം എന്നീ പ്രശ്‌നങ്ങളെ നാട് അഭിമുഖീകരിക്കുന്നുണ്ടെന്ന് ചന്ദേൽ കുടുംബാംഗമായ ശിവേന്ദ്ര സിങ് പരാമർശിച്ചു. പ്രാദേശിക മാനേജ്‌മെൻ്റ് സ്ഥാപനത്തിലെ അധ്യാപകനാണ് അദ്ദേഹം. വോട്ട് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ കൂടി ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
"രാജ്യ താത്പര്യത്തിനും വികസനത്തിനും വേണ്ടി ഞാൻ വോട്ട് ചെയ്യും. കുടുംബാംഗങ്ങള്‍ക്കിടയില്‍ സമവായമുണ്ടായാലും അവരവര്‍ക്ക് ഇഷ്‌ടമുള്ള സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, നിയമസഭ, നഗരസഭ തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ, കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വോട്ടുകൾ ഒരു സ്ഥാനാർഥിക്കാണ്" - മറ്റൊരു കുടുംബാംഗം അമിത് ഗൗതം സൂചിപ്പിച്ചു.
'മെയ് 31ന് തീരുമാനിക്കും' : സ്ഥാനാർഥികളാരും ഇതുവരെ തങ്ങളുടെ വീട്ടിൽ വന്നിട്ടില്ലെന്ന് മുതിർന്ന കുടുംബാംഗമായ അരുൺ കുമാർ സിങ് (74) പറഞ്ഞു. സ്ഥാനാർഥികളുടെ പ്രാദേശിക അനുയായികളാണ് വന്നത്. മെയ് 31 ന് യോഗം ചേർന്ന് സ്ഥാനാർഥിയെ തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കി.
കുടുംബ പശ്ചാത്തലം : വൈശാലി ജില്ലയിലെ രാഘോപൂർ സ്വദേശിയാണ് അരുൺ കുമാർ സിങ്ങിന്‍റെ പിതാവ്. അരുണിൻ്റെ അച്‌ഛന് ഒരു സഹോദരനുണ്ട്. രണ്ടുപേരും കർഷകരായിരുന്നു. എന്നിരുന്നാലും, ഗ്രാമത്തിലെ കൃഷിഭൂമി വിറ്റ് 1974 ൽ രണ്ട് സഹോദരന്മാരും പട്‌നയിലെത്തി. പിന്നീട് ഇരുവരും പ്ലോട്ട് എടുത്ത് വീട് പണിതു. ഇവരുടെ രണ്ടുമക്കളും ഇപ്പോൾ ചന്ദേലിലെ വസതിയിലാണ് താമസിക്കുന്നത്.
ഈ കുടുംബത്തിലെ 165 പേരിൽ 35 പേരും വീടിനുപുറത്താണ്. ചിലർ വിദേശത്താണ്. മറ്റുചിലർ തങ്ങളുടെ തൊഴിലും ജോലിയും കാരണം മുംബൈ, ഡൽഹി, നോയിഡ തുടങ്ങിയ നഗരങ്ങളിൽ താമസിക്കുന്നു. 24 എഞ്ചിനീയർമാരും രണ്ട് ഡോക്‌ടർമാരും നാല് അഭിഭാഷകരും ഈ കുടുംബത്തിലുണ്ട്. ഇരുപതിലധികം പേർ കോർപറേറ്റ് ജോലികൾ ചെയ്യുന്നു. നിരവധി സ്ത്രീകൾ പ്രാദേശികമായും ജോലി ചെയ്യുന്നുണ്ട്.