ന്യൂഡല്‍ഹി: അത്യുത്പാദന ശേഷിയുള്ള 109 പുതിയ വിത്തിനങ്ങൾ പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥാ പ്രതിരോധ ശേഷി കൂടിയ ജനിതക വ്യതിയാനം വരുത്തിയ വിത്തുകളാണ് പുറത്തിറക്കിയത്. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച വിത്തുകളാണ് ഇവ. കാര്‍ഷികോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രയ്‌ത്നങ്ങളില്‍ സുപ്രധാന കാല്‍വയ്‌പാണിത്. പുത്തന്‍ വിത്തുകള്‍ കാലാവസ്ഥ വ്യതിയാനങ്ങളോട് പൊരുത്തപ്പെടുന്നവയാണ്.
വിത്തുകൾ പുറത്തിറക്കിയ ശേഷം ഗവേഷണ കേന്ദ്രത്തിലെ ശാസ്‌ത്രജ്ഞരുമായും കര്‍ഷകരുമായും മോദി സംവദിച്ചു. പുത്തന്‍ വിത്തുകളുടെ പ്രാധാന്യം അവര്‍ പ്രധാനമന്ത്രിക്ക് വിശദീകരിച്ച് നല്‍കി.
കാര്‍ഷിക മേഖല മൂല്യവര്‍ദ്ധിതമാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഊന്നല്‍ നല്‍കിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. പുത്തന്‍ കണ്ടെത്തലുകള്‍ കര്‍ഷകരുടെ ചെലവ് കുറയ്ക്കുക മാത്രമല്ല മറിച്ച് പരിസ്ഥിതിക്കും ഗുണകരമാകുമെന്നും ശാസ്‌ത്രജ്ഞര്‍ വിശദീകരിച്ചു.
ചെറു ധാന്യങ്ങളുടെ പ്രാധാന്യവും കൂടുതല്‍ പോഷകപ്രദമായ ഭക്ഷ്യവിഭവങ്ങളുടെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്വഭാവിക കൃഷിയുടെ നേട്ടങ്ങളും ജൈവകൃഷി രീതികളെക്കുറിച്ച് പൊതുജനങ്ങളില്‍ വിശ്വാസമുണ്ടാക്കിയെടുക്കേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം എടുത്ത് കാട്ടി.
ജൈവഭക്ഷ്യ വിഭവങ്ങള്‍ക്ക് ആവശ്യകത വര്‍ദ്ധിച്ച് വരുന്നുണ്ട്. ആരോഗ്യദായകവും സുസ്ഥിരവുമായ കാര്‍ഷിക രീതികളിലേക്കാണ് ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത്. സ്വഭാവിക കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നടപടികളെ കര്‍ഷകര്‍ അഭിനന്ദിച്ചു. കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍ വഴി ഇതേക്കുറിച്ച് കൂടുതല്‍ അറിവുകള്‍ പകരുന്നതിലുള്ള സംഭാവനകളും അവര്‍ എടുത്ത് കാട്ടി.
പുത്തന്‍ കാര്‍ഷിക വിത്തുകളുടെ നേട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കര്‍ഷകരില്‍ എത്തിക്കാനുള്ള സംവിധാനങ്ങളുണ്ടാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. കഴിയുന്നത്ര കര്‍ഷകരിലേക്ക് ഇതിന്‍റെ നേട്ടങ്ങള്‍ എത്തിക്കണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പുത്തന്‍ കാര്‍ഷിക വിത്തുകള്‍ വികസിപ്പിച്ച ശാസ്‌ത്രജ്ഞരെയും അദ്ദേഹം അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ മുന്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. അധികമുപയോഗിക്കാത്ത വിത്തുകള്‍ മുഖ്യധാരയിലേക്ക് കൊണ്ടു വരാനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രി നല്‍കിയിരുന്നു.
പുറത്തിറക്കിയ വിത്തുകൾ: 109 വിത്തിനങ്ങളാണ് പ്രധാനമന്ത്രി ഇന്ന് പുറത്തിറക്കിയത്. 34 വയല്‍ വിത്തുകളും 27 ഇനം തോട്ടവിള വിത്തുകളുമാണ് ഇതിലുള്ളത്. ചെറുധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍, പരിപ്പുകള്‍, കരിമ്പ്, പരുത്തി തുടങ്ങിയവയുള്‍പ്പെടുന്ന ധാന്യങ്ങളാണ് വയല്‍ വിത്തുകളുടെ കൂട്ടത്തിലുള്ളത്. തോട്ടവിള വിത്തുകളില്‍ വിവിധയിനം പഴങ്ങള്‍, പച്ചക്കറികള്‍, തോട്ടവിളകള്‍, കിഴങ്ങ് വര്‍ഗങ്ങള്‍, സുഗന്ധവ്യജ്ഞനങ്ങള്‍, പൂക്കള്‍, ഔഷധ സസ്യങ്ങള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്.
രണ്ട് കൊല്ലം കൊണ്ട് ഒരു കോടി കര്‍ഷകരെ ജൈവകൃഷിയിലേക്ക് മടക്കിക്കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ മാറ്റത്തിനായി പതിനായിരം വിഭവ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇക്കാര്യവും 2024-25 ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
പയറു വര്‍ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും സ്വയം പര്യാപ്‌തത ഉറപ്പാക്കാന്‍ അവയുെട ഉത്പാദനവും കരുതലും വിപണനവും കരുത്തുറ്റതാക്കും. ആത്മനിര്‍ഭര്‍ ഭാരതിന്‍റെ ഭാഗമായ നടപടികളാണിവ. കടുക്, നിലക്കടല, സോയബീന്‍, സൂര്യകാന്തി, എള്ള് എന്നിവയുടെ ഉത്‌പാദനം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.
ഹരിത കൃഷിയെ പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ നിരവധി മാര്‍ഗങ്ങള്‍ ഇതിനകം തന്നെ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നുണ്ട്. പരിസ്ഥിതിയെ കൂടി കണക്കിലെടുത്തു കൊണ്ടുള്ള ഹരിത, സുസ്ഥിര കാര്‍ഷിക, കാര്‍ഷികോത്പന്ന നടപടികളാണ് ഇതിനായി സ്വീകരിച്ചിട്ടുള്ളത്.