ന്യൂഡൽഹി : നരേല മേഖലയിൽ 10 വയസുകാരിയുടെ മൃതദേഹം തല തകർത്ത നിലയിൽ കണ്ടെത്തി. പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാണ് എന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ അയല്‍വാസികളായ രാഹുൽ (20), ദേവദത്ത് (30) എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
റബ്ബർ സിലിണ്ടർ ട്യൂബ് നിർമ്മാണ ഫാക്ടറിയിൽ ജോലി ചെയ്യുന്ന രാഹുലും നരേലയിലെ ഒരു കുട ഫാക്ടറിയിൽ ജോലി ചെയ്യുന്ന ദേവദത്തും ഒരേ പ്രദേശത്തെ താമസക്കാരാണ്. ഇന്ന്(28-06-2024) പുലര്‍ച്ചെ 12:29-ന് ആണ് നരേല പൊലീസ് സ്റ്റേഷനിൽ പെൺകുട്ടിയെ കാണാതായതായി റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ ചേതനയറ്റ ശരീരം സമീപത്തെ പ്ലോട്ടിൽ നിന്ന് കണ്ടെത്തിയത്.
അത്താഴം കഴിഞ്ഞ് രാത്രി 9:45 ഓടെ മകൾ കളിക്കാൻ പോയതായിരുന്നു എന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. തിരികെ വരാതിരുന്നതോടെയാണ് കുടുംബം തെരച്ചിൽ തുടങ്ങിയത്. അയൽവാസിയായ രാഹുൽ മകളെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് കണ്ടതായി ചില പ്രദേശവാസികൾ പറഞ്ഞതായി പിതാവ് മൊഴി നല്കി.
പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, കൂട്ടബലാത്സംഗം, പോക്സോ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.