ലോകത്തിലെ ആദ്യത്തെ സിഎൻജി പവർ മോട്ടോർ ബൈക്ക് പുറത്തിറക്കി മോട്ടോര്‍ വാഹന നിര്‍മാതക്കളായ ബജാജ് ഓട്ടോ. ബജാജ് ഫ്രീഡം 125 എന്ന പുതിയ മോഡല്‍ പെട്രോളിലും സിഎന്‍ജിയിലും ഒരുപോലെ പ്രവര്‍ത്തിക്കും.
ഒരു ദശാബ്‌ദത്തിലേറെയായി സിഎൻജിയിൽ പ്രവർത്തിക്കുന്ന കാറുകൾ വിപണിയിലുണ്ടെങ്കിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ മോട്ടോർസൈക്കിളാണിത്. ഒരു കിലോ സിഎൻജിക്ക് 213 കിലോമീറ്റർ മൈലേജാണ് ബജാജ് ഫ്രീഡം 125 വാഗ്‌ദാനം ചെയ്യുന്നത്. ബൈക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഘടകമാണിതെന്ന് തീര്‍ച്ച.
താരതമ്യേന ചെറിയ പെട്രോൾ ടാങ്കാണ് ബൈക്കിന് കമ്പനി കൊടുത്തിരിക്കുന്നത്. രണ്ട് ലിറ്ററാണ് പെട്രോള്‍ കപ്പാസിറ്റി. ഇത് റിസര്‍വ് ഇന്ധനമായി ഉപയോഗിക്കാം. ഫ്രീഡം ബേസ് 'ഡ്രം' വേരിയന്‍റിന് 95,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്.
NG04 ഡിസ്‌ക് LED, NG04 ഡ്രം LED, NG04 ഡ്രം എന്നിങ്ങനെ മൂന്ന് വേരിയന്‍റുകളിലായാണ് ഫ്രീഡം 125 പുറത്തിറക്കിയിരിക്കുന്നത്. എൽഇഡി വേരിയന്‍റുകൾ അഞ്ച് കളർ ഓപ്ഷനുകളിലും നോൺ-എൽഇഡി ഡ്രം വേരിയന്‍റ് രണ്ട് നിറങ്ങളിലും ലഭ്യമാണ്.
വിശദമായ വിലവിവരം (എക്‌സ്-ഷോറൂം) :
- NG04 ഡിസ്‌ക് LED: 1,10,000 രൂപ
- NG04 ഡ്രം എൽഇഡി: 1,05,000 രൂപ
- NG04 ഡ്രം: 95,000 രൂപ
ബൈക്കിനായുള്ള ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും അംഗീകൃത ഷോറൂമുകൾ വഴിയും വണ്ടി ബുക്ക് ചെയ്യാം. 11 സുരക്ഷ പരിശോധനകൾ ബൈക്ക് പൂര്‍ത്തിയാക്കിയതായാണ് ലോഞ്ചിങ് സമയത്ത് കമ്പനി വ്യക്തമാക്കിയത്. ഇതില്‍ പ്രധാനമായത് ട്രക്ക് റോൾ ഓവർ ടെസ്റ്റ് ആണ്. ട്രക്കിന്‍റെ ടയറിനടിയിൽ ചതഞ്ഞരഞ്ഞിട്ടും ബൈക്കിന്‍റെ സിഎൻജി ടാങ്ക് തകരുകയോ മർദത്തില്‍ മാറ്റമുണ്ടാവുകയോ ചെയ്‌തിട്ടില്ല.
ബജാജ് ഫ്രീഡം 125-ന്‍റെ അവതരണം ഇരുചക്ര വാഹന വിപണിയില്‍ കോളിളക്കം സൃഷ്‌ടിക്കാന്‍ പോന്നതാണ്. ഇന്ത്യയിലെ സവിശേഷ സാഹചര്യത്തില്‍ ഇരുചക്രവാഹന ഉടമകൾക്ക് ഇന്ധനച്ചെലവ് കുറയ്ക്കാനും മലിനീകരണം കുറയ്ക്കാനും സിഎന്‍ജി സഹായകമാകും.