ഹൈദരാബാദ്: ദിവസേനയുള്ള പാചകത്തിന് അത്യന്താപേക്ഷിതമാണ് എൽപിജി ഗ്യാസ് സിലിണ്ടർ. ഇന്ത്യയിലെ ഒട്ടുമിക്ക വീടുകളിലും ഇന്ന് എൽപിജി സിലിണ്ടർ ഉണ്ടായിരിക്കും. അടുക്കളയിൽ വളരെയധികം ഉപകാരപ്രദമായ എൽപിജി സിലിണ്ടർ വളരെ അപകടകാരി കൂടിയാണ്. ശ്രദ്ധിച്ച് കൈകാര്യം ചെയ്‌തില്ലെങ്കിൽ പൊട്ടിത്തെറിക്കാൻ വരെ സാധ്യത കൂടുതലാണ്. അതിനാൽ എൽപിജി സിലിണ്ടറിനെ കുറിച്ച് നമ്മൾ കൂടുതൽ അറിഞ്ഞിരിക്കേണ്ടതുണ്ട്. എൽപിജി ഗ്യാസ് സിലിണ്ടറിന്‍റെ ഉപയോഗവും അപകട സാധ്യത എങ്ങനെ കുറയ്‌ക്കാനുള്ള മാർഗങ്ങളും മറ്റും നമുക്ക് പരിശോധിക്കാം.
ലോജിസ്റ്റിക്‌സ് കമ്പനിയായ ഏജിസ് ലോജിസ്റ്റിക്‌സ് ലിമിറ്റഡ് പറയുന്നതനുസരിച്ച് ദ്രവീകൃത പെട്രോളിയം വാതകത്തെയാണ് എൽപിജി (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്) എന്നു പറയുന്നത്. ലളിതമായി പറഞ്ഞാൽ ഹൈഡ്രോകാർബൺ വാതകങ്ങളുടെ കൂട്ടത്തെയാണ് എൽപിജി എന്നു വിളിക്കുന്നത്. 30-70% ബ്യൂട്ടെയ്‌നിന്‍റെയും (C4H10), 30-70% പ്രൊപ്പെയ്‌നിന്‍റെയും (C3H8) മിശ്രിതമാണ് എൽപിജി. പാചകം മുതൽ വ്യാവസായിക ആവശ്യങ്ങൾക്ക് വരെ അനുയോജ്യമായ ഇന്ധനമാക്കി മാറ്റിയാണ് എൽപിജി ഉപയോഗിക്കുന്നത്.
എൽപിജിയുടെ തിളനില -40°C ആണ്. ഊഷ്‌മാവിൽ എളുപ്പത്തിൽ ബാഷ്‌പീകരിക്കാനും എൽപിജിക്ക് കഴിയും. അതിനാൽ തന്നെ എൽപിജി പെട്ടന്ന് തീപിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ എൽപിജി സംഭരിക്കുമ്പോഴും ഉപയോഗിക്കുമ്പോഴും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ട്.
നിറമില്ലാത്ത, വിഷരഹിതമായ വാതകമാണ് എൽപിജി. വായുവിനേക്കാൾ ഭാരമുള്ള എൽപിജിക്ക് വെള്ളത്തേക്കാൾ ഭാരം കുറവാണ്. എൽപിജി വിഷരഹിതമാണെങ്കിലും അടച്ചിട്ട സ്ഥലങ്ങളിലെ ഓക്‌സിജനെ എൽപിജിക്ക് പുറന്തള്ളാൻ സാധിക്കും. ഇത് വാതക ചോർച്ചയുണ്ടാകുമ്പോൾ ശ്വാസംമുട്ടലിന് കാരണമാകും. 1.8% മുതൽ 10% വരെ മാത്രമാണ് വായുവിലെ എൽപിജിയുടെ ജ്വലന പരിധി. ഇതിനർത്ഥം എൽപിജിക്ക് വായുവിൽ ഒരു പ്രത്യേക സാന്ദ്രത പരിധിക്കുള്ളിൽ മാത്രമേ തീപിടിക്കാൻ കഴിയൂ എന്നാണ്. ഇത് തീ ആളിപ്പടരുന്നതിന്‍റെ സാധ്യത കുറയ്‌ക്കുന്നു. എന്നിരുന്നാലും, കൃത്യമായ സുരക്ഷ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകട സാധ്യത വളരെ വലുതാണ്.
പാചകം, വാണിജ്യം, വ്യാവസായികം, ഗതാഗതം എന്നിവ ഉൾപ്പെടെ, വിവിധ ആവശ്യങ്ങൾക്കായി എൽപിജി ലോകമെമ്പാടും ഉപയോഗിക്കുന്നുണ്ട്. ഉയർന്ന ഊർജ്ജ മൂല്യം, ശുദ്ധമായ ജ്വലനം, മികച്ച ജ്വലന നിയന്ത്രണം, എളുപ്പത്തിലുള്ള സംഭരണം എന്നീ സവിശേഷതകൾ കാരണമാണ് എൽപിജി വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.
ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
വളരെയധികം അപകടകാരിയായ എൽപിജി ഗ്യാസ് ഉപയോഗിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എൽപിജി ഉപയോഗിക്കുന്നയാൾക്ക് അതിന്‍റെ അപകടസാധ്യതയെ കുറിച്ച് അറിവുണ്ടായിരിക്കണം. അതിനാൽ എൽപിജി ഗ്യാസ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.
- ഉപയോഗിക്കുന്നതിന് മുമ്പ് എൽപിജി സിലിണ്ടറും റെഗുലേറ്ററും പരിശോധിച്ച് ചോർച്ച ഇല്ലെന്ന് ഉറപ്പുവരുത്തുക
- ശരിയായ വായുസഞ്ചാരം ലഭിക്കുന്നയിടത്ത് എൽപിജി സിലിണ്ടർ വെക്കുക
- എൽപിജി സിലിണ്ടർ സ്ഥാപിച്ച സ്ഥലത്ത് തീപിടിക്കുന്ന വസ്‌തുക്കൾ വെക്കരുത്
- ഉപയോഗത്തിൽ അല്ലാത്ത സന്ദർഭങ്ങളിൽ എൽപിജി ഗ്യാസ് ഓഫ് ചെയ്യുക
- എൽപിജിയുടെ ഉപയോഗം കഴിഞ്ഞ ഉടൻ സിലിണ്ടറിലെ വാല്‍വ് അടച്ചിടുക
- ഗ്യാസ് അടുപ്പിലെ നോബ് തിരിച്ചാൽ ഉടൻ തന്നെ ലൈറ്റർ ഉപയോഗിച്ച് അടുപ്പ് കത്തിക്കുക. ലൈറ്റർ കത്തിക്കാൻ താമസിച്ചാൽ അപകടസാധ്യത കൂടുതലാണ്.
- എൽപിജി സ്റ്റൗവും കണക്ഷനുകളും പതിവായി പരിശോധിക്കുക
- എൽപിജി സിലിണ്ടറിൽ പാചകം ചെയ്യുന്ന സ്ഥലത്ത് നിന്നും കുട്ടികളെ അകറ്റി നിർത്തുക.
- ചോർച്ചയുണ്ടായാൽ ജനലുകൾ തുറന്നിടുക, ആളുകളെ ഒഴിപ്പിക്കുക, എൽപിജി വിതരണക്കാരുമായോ എമർജൻസി സർവീസുമായോ ഉടൻ ബന്ധപ്പെടുക.
ബില്ലിന് പുറമെ ഡെലിവറി ചാർജ് കൊടുക്കേണ്ടതുണ്ടോ?
എൽപിജി സിലിണ്ടർ ഡെലിവറി ചെയ്യുന്നതിന് അധിക തുക നൽകണമെന്ന് ഡെലിവറി ചെയ്യുന്നയാൾ ആവശ്യപ്പെട്ടതിനെ തുടർന്ന് ഹൈദരാബാദ് സ്വദേശിയായ കരീം അൻസാരി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിനെതിരെ വിവരാവകാശ ഹർജി നൽകിയിരുന്നു. തുടർന്ന് സിലിണ്ടർ ഡെലിവറികൾക്കായി ഉപഭോക്താക്കൾ അധിക പണം നൽകേണ്ടതില്ലെന്ന് എച്ച്പിസിഎൽ പ്രതികരിച്ചിരുന്നു.
- വീടുകളിൽ വിതരണം ചെയ്യുന്ന എൽപിജി സിലിണ്ടറുകൾക്ക് ഉപഭോക്താക്കൾ ഡെലിവറി ചാർജ് നൽകേണ്ടതില്ല. ബില്ലിലെ തുക മാത്രം നൽകിയാൽ മതി. ബില്ല് ചോദിച്ച് വാങ്ങിക്കണം.
- ഫ്ലോർ, അപ്പാർട്ട്മെൻ്റ്, വീടിന്‍റെ സ്ഥാനം എന്നിവയ്‌ക്കനുസരിച്ച് അധികതുക ഡെലിവറി ചാർജായി കൊടുക്കേണ്ടതില്ല.