ഗോരഖ്‌പുർ (ഉത്തർപ്രദേശ്): സ്‌ത്രീകളുടെ സ്വയം സുരക്ഷയ്‌ക്കായി പ്രത്യേക ഉപകരണം രൂപകൽപ്പന ചെയ്‌ത് വിദ്യാർഥിനികൾ. 'നിർഭയ് റിങ് ഗൺ' എന്ന പേരിൽ ബ്ലൂടൂത്ത് വഴി മൊബൈലുമായി കണക്‌റ്റ് ചെയ്യാവുന്ന ബട്ടൺ അടങ്ങിയ മോതിരമാണ് നിർമിച്ചത്. ഉത്തർപ്രദേശിലെ ഗൊരഖ്‌പൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെൻ്റിലെ (ഐടിഎം) ബിസിഎ വിദ്യാർഥികളായ അങ്കിത റായിയും അൻഷിക തിവാരിയുമാണ് ഇതിന് പിന്നിൽ.
വർധിച്ചുവരുന്ന പീഡനങ്ങളെയും അതിക്രമങ്ങളെയും നേരിടാൻ സ്വയം രക്ഷയ്‌ക്കായി ഒരു ഉപകരണം എന്ന ചിന്തയാണ് ഈ ഉപകരണത്തിന്‍റെ നിർമാണത്തിന് പിന്നിൽ. മോതിരത്തിന് രണ്ട് ബട്ടണുകളുണ്ട്. ഒരു ബട്ടൺ ബ്ലൂടൂത്ത് വഴി മൊബൈലുമായി കണക്‌ട് ചെയ്യുന്നതിനാണ്. ബട്ടൺ അമർത്തുന്നത് വഴി അടിയന്തര ഘട്ടങ്ങളിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കോളുകൾ ചെയ്യാനും ലൊക്കേഷനുകൾ അയയ്‌ക്കാനും സാധിക്കും.
മോതിരത്തിന്‍റെ ചുവന്ന നിറത്തിലുള്ള രണ്ടാമത്തെ ബട്ടൺ സംഭവ സ്ഥലത്തേക്ക് ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി ഉള്ളതാണ്. അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ളതാണ് ഈ ബട്ടൺ. രണ്ടാമത്തെ ബട്ടൺ അമർത്തിയാൽ ഉപകരണത്തിൽ നിന്നും വെടിയൊച്ചയ്‌ക്ക് സമാനമായ ഉച്ചത്തിലുള്ള ശബ്‌ദം പുറപ്പെടുവിക്കും. ഈ ശബ്‌ദം പ്രതിധ്വനിക്കുമ്പോൾ അക്രമി പേടിച്ചോടിയേകാകം. സമീപ പ്രദേശത്തുള്ളവർ നിങ്ങളുടെ അടുത്തേക്ക് വരുകയും ചെയ്യും. 50 ഗ്രാം മുതൽ 60 ഗ്രാം വരെ ഭാരമുള്ളതാണ് റിങ് ഗൺ. ഏത് മൊബൈൽ ചാർജർ ഉപയോഗിച്ചും ചാർജ് ചെയ്യാനാകും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാജ്യം മുഴുവൻ ഞെട്ടിയ സംഭവമായിരുന്നു അടുത്തിടെ കൊൽക്കത്തയിൽ ജൂനിയർ വനിത ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവം. ഇത്തരം സംഭവങ്ങൾ തടയുന്നതിന് മറ്റുള്ളവരുടെ സഹായം തേടാൻ ഉപകരിക്കുന്നതാണ് റിങ് ഗൺ എന്ന് വിദ്യാർഥിനികൾ പറഞ്ഞു. ഇത്തരം ചെറിയ ആശയങ്ങൾക്ക് സമൂഹത്തിലെ വലിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് ഐടിഎം ഡയറക്‌ടർ ഡോ എൻ കെ സിങ് പറഞ്ഞു. അത്തരം ഉപകരണങ്ങളിൽ പ്രത്യേക ഗവേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെറും രണ്ടാഴ്‌ച കൊണ്ടാണ് ഈ മോതിരം നിർമിച്ചത്. ഇതിനായി ചെലവായത് വെറും 1500 രൂപയാണ്. 10 എംഎം മെറ്റൽ പൈപ്പ്, ബ്ലൂടൂത്ത് മൊഡ്യൂൾ, 3.7 വോൾട്ട് നാനോ ബാറ്ററി, സ്വിച്ച്, മെറ്റൽ റിങ് എന്നിവ മാത്രമാണ് റിങ് ഗണ്ണിന്‍റെ നിർമാണത്തിനായി ആവശ്യം വന്നതെന്നും എൻ കെ സിങ് പറഞ്ഞു. സ്‌ത്രീ സുരക്ഷയ്‌ക്കായി ചുവടുവെയ്‌പ്പ് നടത്തിയ വിദ്യാർഥിനികളെ കോളേജ് അധികൃതർ അഭിനന്ദിച്ചു.